വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാർ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ്. 26.24 കിലോഗ്രാം സ്വർണവുമായി മുങ്ങിയ മധ ജയകുമാറിനെ കർണാടക- തെലങ്കാന അതിർത്തിയായ ബീദർ ജില്ലയിൽ നിന്നാണ് പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്.
ഇന്ന് പുലർച്ചെ കൊയിലാണ്ടി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശിയായ മധ ആദ്യം താമസിച്ചിരുന്നത് ഓലമേഞ്ഞ ചെറിയൊരു പുരയിലായിരുന്നു. ഇപ്പോൾ താമസിക്കുന്നത് ലിഫ്റ്റ് സൗകര്യം ഉൾപ്പടെയുള്ള മൂന്നുനില വീട്ടിലാണ്. കൂടാതെ നിരവധി ആഡംബര കാറുകളും ഇയാളുടെ പേരിലുണ്ടെന്നും പോലീസ് പറയുന്നു.
മറ്റു സ്ഥലങ്ങളിലും ഇയാൾക്ക് ഫ്ളാറ്റും സ്ഥലവും ഉണ്ടെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വടകര എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജറായ മധ ജയകുമാർ 26244.20 ഗ്രാം സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ച് 17,20,35,717 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. വടകര ശാഖയിലെ റീ അപ്രൈസർ നടപടിയിലാണ് ക്രമക്കേട് മനസിലായത്. 2021 ജൂൺ 13 മുതൽ 2024 ജൂലൈ ആറുവരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
Most Read| ഓണക്കാല തിരക്ക്; തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ