അമരാവതി: മാവോയിസ്റ്റ് കമാൻഡർ മദ്വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സർക്കാർ 45 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഹിദ്മയെ, ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാസേന വധിച്ചത്.
ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിർത്തിയിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ. രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് വനമേഖലയായ മറേദുമില്ലി മണ്ഡലിൽ ഏറ്റുമുട്ടൽ തുടങ്ങിയതെന്ന് അല്ലൂരി സീതാരാമരാജു ജില്ലാ എസ്പി അമിത് ബർദർ അറിയിച്ചു. പോലീസിലെ വിവിധ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലാണിതെന്നും എസ്പി വ്യക്തമാക്കി.
ഏറ്റുമുട്ടൽ തുടരുകയാണെന്നും ആറ് മാവോയിസ്റ്റുകളെ വധിച്ചെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ ഹിദ്മയുടെ ഭാര്യ രാജെയും (രാജാക്ക) ഉണ്ടെന്നാണ് വിവരം. സാധാരണക്കാർക്കും സുരക്ഷാ സേനകൾക്കും നേരെ രാജ്യത്ത് 26ഓളം ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ് ഹിദ്മ. 1981ൽ മധ്യപ്രദേശിലെ സുക്മയിൽ ജനിച്ച ഹിദ്മ, പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ ബറ്റാലിയനെ നയിച്ചയാളാണ്.
സിപിഐയുടെ മാവോവാദി വിഭാഗത്തിന്റെ സെൻട്രൽ കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായി. ബസ്താർ മേഖലയിൽ നിന്ന് സെൻട്രൽ കമ്മിറ്റിയിലെത്തിയ ഏക ഗോത്രവിഭാഗക്കാരനുമായിരുന്നു. രാജ്യത്തെ നടുക്കിയ നിരവധിപേരുടെ ജീവനെടുത്ത വിവിധ മാവോവാദി ആക്രമണങ്ങളുടെ സൂത്രധാരൻ ഹിദ്മയായിരുന്നു.
2010ൽ ദന്തേവാഡയിൽ 76 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ച മാവോവാദി ആക്രമണം, 2013ൽ ഝിറാം ഖാട്ടിയിൽ കോൺഗ്രസ് നേതാക്കളടക്കം 27 പേരുടെ ജീവൻ നഷ്ടമായ ആക്രമണം, 2021ൽ സുക്മയിലും ബിജാപുരിയിലുമായി 22 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ട സംഭവം എന്നിവയടക്കം വിവിധ ആക്രമങ്ങൾക്ക് പിന്നിൽ ഹിദ്മയായിരുന്നു.
Most Read| തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് എൻ. ശക്തൻ








































