പുറത്തിറങ്ങി ചുരുങ്ങിയകാലം കൊണ്ടുതന്നെ വിൽപ്പനയിൽ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര എക്‌സ്‌യുവി 700. മൂന്നുലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന വാഹനങ്ങൾ മാരുതിയുടേതാണെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ഹ്യൂണ്ടായിയെയും ടാറ്റയെയും പിന്തള്ളി രണ്ടാം സ്‌ഥാനം കയ്യടക്കിയിരിക്കുന്നത് മഹീന്ദ്രയാണ്.
ആ രണ്ടാം സ്‌ഥാനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്ന വാഹനമാണ് എക്‌സ്‌യുവി 700. 2021ൽ പുറത്തിറങ്ങിയ ഈ വാഹനത്തിന് ഇതുവരെ കമ്പനി ഒരു ഫേസ് ലിഫ്റ്റ് പോലും പുറത്തിറക്കിയിട്ടില്ല. 46 വേരിയന്റുകളിൽ വാഹനം ഉപയോക്‌താക്കളിലേക്ക് എത്തുന്നുണ്ട്. 14.49 ലക്ഷം രൂപ മുതൽ 25.14 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില വരുന്നത്.
ഒപ്പം മൽസരിക്കുന്നവരെ മുഴുവൻ പിന്നിലാക്കുന്ന തരത്തിലുള്ള ഫീച്ചറുകളും ബഡ്‌ജറ്റിൽ ഒതുങ്ങുന്ന വിലയും സ്‌റ്റൈലൻ രൂപവും ഈ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു എന്നതുതന്നെയാണ് ഇതുവരെയുള്ള വിൽപ്പന കണക്കുകൾ നൽകുന്ന സൂചന. എം സ്‌റ്റാലിയൻ രണ്ടുലിറ്റർ ടർബോ പെട്രോൾ എൻജിൻ 200 ബിഎച്ച്പി കരുത്തും 380 എൻഎം വരെ ടോർക്കും നൽകും.
അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്‌റ്റൻസ് സിസ്‌റ്റം, പൈലറ്റ് അസിസ്‌റ്റ് ഫീച്ചർ, അലക്‌സ വോയ്‌സ് ഇന്റഗ്രേഷൻ സപ്പോർട്ട്, ത്രീ ഡി സൗണ്ട് സഹിതം 12 സ്‌പീക്കറോടെ സോണി ഓഡിയോ സിസ്‌റ്റം, 10.25 ഇഞ്ച് ഇരട്ട ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനം, ഡ്രൈവർ ഡിസ്‌പ്ളേയിൽ ത്രിമാന മാപ്പ് എന്നിങ്ങനെ നീളുന്നു ഫീച്ചറുകൾ.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!