
മലപ്പുറം: ആതവനാട് മിനിലോറി കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ക്ളീനർ മുസ്‌തഫ മരിച്ചു. അപകടം നടന്ന് ഏഴുമണിക്കൂറിന് ശേഷമാണ് ലോറി ഉയർത്താനായത്. മൂന്നുതവണ പരാജയപ്പെട്ട ശേഷമാണ് ലോറി ഉയർത്തിയത്.
മുസ്‌തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിലായിരുന്നു. ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
മലപ്പുറം മലയിൽ ഗ്രൂപ്പിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. വിവിധ കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന മിനിലോറിയാണ് നിയന്ത്രണംവിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. വാഹനത്തിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡ്രൈവർ ജാഫറെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ജാഫർ ആശുപത്രിയിൽ ചികിൽസയിലാണ്. മാലിന്യവും പ്‌ളാസ്‌റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയാണിത്. ഇതാണ് രക്ഷാപ്രവർത്തനം ദീർഘിപ്പിച്ചത്. ഏകദേശം 65 അടി താഴ്‌ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂർണമായും മുങ്ങുകയും ചെയ്‌തു. തിരൂരിൽ നിന്നുള്ള ഫയർഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Most Read| എസ്‌ഐആർ; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു, ഒമ്പതുലക്ഷം പേർ പുറത്ത്































