കൊച്ചി: കുവൈത്തിലെ താമസ സ്‌ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും. കണ്ണൂർ ഇരിട്ടി നടുവിൽ സൂരജ് (40), ഭാര്യ ബിൻസി (35) എന്നിവരെയാണ് ഇന്നലെ ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിൻസിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കുടുംബ പ്രശ്‌നങ്ങളാണ് വഴക്കിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. മൂന്നിലും ഒന്നിലും പഠിക്കുന്ന ഇവരുടെ കുട്ടികൾ കഴിഞ്ഞ ഒരുവർഷമായി ബിൻസിയുടെ മാതാപിതാക്കളുടെ അടുത്താണ്. ഇത്തവണ ഇരുവരും അവധിക്ക് നാട്ടിലെത്തിയ ശേഷം ബിൻസിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്‌റ്റർ അവധിക്ക് ശേഷം അഞ്ചുദിവസം മുമ്പാണ് സൂരജ് തിരിച്ചു പോയത്.
ഓസ്ട്രേലിയയ്‌ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. മെഡിക്കലടക്കം പൂർത്തിയാക്കി വിസയ്‌ക്ക് വേണ്ടി കാത്തിരിക്കുന്ന സമയത്താണ് ദുരന്തമുണ്ടായത്. സൂരജിന്റെ ഇരിട്ടിയിലേക്കുള്ള വീട്ടിലേക്കാണ് ഇരുവരുടെയും മൃതദേഹങ്ങൾ കൊണ്ടുവരിക. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്‌ച എത്തിക്കാൻ സാധിക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
കുവൈത്തിലുള്ള സൂരജിന്റെ സഹോദരിയുടെ ഭർത്താവാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. അന്വേഷണം പൂർത്തിയായാൽ മാത്രമേ എന്താണിവരുടെ മരണത്തിലേക്ക് നയിച്ചതെന്ന് അറിയാൻ കഴിയൂ. ഇരുവർക്കുമിടയിൽ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. എന്നാൽ, ദുരന്തം നടന്ന ദിവസം ഫ്‌ളാറ്റിൽ വെച്ച് ഇരുവരും വഴക്കിട്ടതിന്റെ ബഹളം അയൽവാസികൾ കേട്ടിരുന്നു എന്നാണ് വിവരം.
ബിൻസി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലും സൂരജ് ആരോഗ്യ മന്ത്രാലയത്തിലും ജോലി ചെയ്യുകയായിരുന്നു. കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങൾ ഇവർക്കുണ്ടായിരുന്നില്ലെന്നാണ് വിവരം. ഇന്നലെ രാവിലെ കെട്ടിട കാവൽക്കാരൻ വന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നു. എറണാകുളം മഴുവന്നൂർ പഞ്ചായത്തിലുള്ള മണ്ണൂരിൽ കൂഴൂർ കട്ടക്കയത്ത് വീട്ടിൽ കെഎ തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിൻസി.
Most Read| പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം