ന്യൂഡെൽഹി: മോഷണക്കുറ്റം ആരോപിച്ച് ഡെൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദ്ദനം. പോലീസും നാട്ടുകാരും ചേർന്ന് മർദ്ദിച്ചതായാണ് പരാതി. സാക്കിർ ഹുസൈൻ കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഓണേഴ്സ് ഒന്നാംവർഷ വിദ്യാർഥികളായ കാസർഗോഡ് സ്വദേശി കെ. സുദിൻ, കോഴിക്കോട് സ്വദേശി ഐടി അശ്വന്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ 24ന് ചെങ്കോട്ടയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. വൈകീട്ട് ആറരയോടെ ചെങ്കോട്ടയ്ക്ക് സമീപത്തെ മാർക്കറ്റിലൂടെ നടക്കവേ കച്ചവടക്കാരനായെത്തിയ ഒരാൺ ഫോണും വാച്ചും വാങ്ങാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചതായി വിദ്യാർഥികൾ പറയുന്നു. വേണെന്ന് പറഞ്ഞ് മുന്നോട്ട് നടക്കവേ കച്ചവടക്കാരൻ സംഘമായെത്തി അശ്വന്തിന്റെ ഐ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു.
ഈ ഫോൺ, വിദ്യാർഥികൾ കച്ചവടക്കാരനിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഉടൻ വിദ്യാർഥികൾ സമീപത്തെ പോലീസ് ഔട്ട്പോസ്റ്റിലെത്തി സഹായം അഭ്യർഥിച്ചു. എന്നാൽ, വിദ്യാർഥികൾ തെറ്റ് ചെയ്തെന്ന് ആരോപിച്ച പോലീസ് ഫോൺ പിടിച്ചുവാങ്ങി അക്രമിക്കാനെത്തിയ സംഘത്തിന് നൽകുകയും ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.
റോഡരികിൽ ഇരുവരെയും മുട്ടുകുത്തി നിർത്തിയതായും വിദ്യാർഥികളുടെ പരാതിയിലുണ്ട്. ഇതിനിടെ ഫോൺ തിരികെ വാങ്ങാൻ വിദ്യാർഥികൾ ശ്രമിച്ചതോടെ അടുത്തുള്ള പോലീസ് ബൂത്തിലേക്ക് എത്തിച്ചു. മുണ്ടുടുത്തതിനെ ചോദ്യം ചെയ്തതിന് പുറമെ ഹിന്ദിയിൽ സംസാരിക്കാത്തതിനും മർദ്ദിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു.
20,000 രൂപ നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പോലീസ് പറഞ്ഞതായും വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്. രാത്രി വൈകിയും തുടർന്ന മർദ്ദനത്തിന് ശേഷം സഹപാഠികൾ എത്തിയതോടെയാണ് വിദ്യാർഥികളെ വിട്ടയച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷനും ഡെൽഹി കമ്മീഷണർക്കും പോലീസ് കംപ്ളെയിന്റ് അതോറിറ്റിക്കും പരാതി നൽകുമെന്ന് വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥികൾക്ക് ഉണ്ടായ ദുരനുഭവത്തിന് കാരണക്കാരായവർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് രാജ്യസഭാംഗം വി. ശിവദാസൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകി.
Most Read| പെരുവള്ളൂർ പഞ്ചായത്തിൽ ഇന്ന് മുതൽ ഷീ ബസ് ഓടും; വനിതകൾക്ക് സൗജന്യ യാത്ര








































