മണ്ണാർക്കാട്: ജമ്മു കശ്‌മീരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്‍ദുൾ സമദ്-ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. മൃതദേഹത്തിന് പത്തുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ഷാനിബിന്റെ വീട്ടുകാരിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മണ്ണാർക്കാട് ഡിവൈഎസ്‌പി സന്തോഷിന്റെ നിർദ്ദേശപ്രകാരമാണ് സ്വാഭാവിക നടപടികളുടെ ഭാഗമായി വിവരങ്ങൾ ശേഖരിച്ചത്. മരിച്ചത് ഷാനിബ് തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധുക്കളോട് കശ്‌മീരിലെ തൻമാർഗ് സ്‌റ്റേഷനിൽ എത്തിച്ചേരാനാണ് പോലീസ് നിർദ്ദേശിച്ചിട്ടുള്ളത്.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിതലത്തിൽ ബന്ധുക്കളെ കശ്‌മീരിലെത്തിക്കാനുള്ള ഏർപ്പാടുകളും പൂർത്തിയായിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ഇവർ ഉടനെ കശ്‌മീരിലേക്ക് തിരിക്കുമെന്നും അറിയിച്ചു. ഷാനിബിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി തൻമാർഗ് സ്‌റ്റേഷനിൽ നിന്നും വിളിച്ചറിയിക്കുകയായിരുന്നു.
പുൽവാമയിലെ വനപ്രദേശത്താണ് മൃതദേഹം കിടന്നിരുന്നതെന്നും പത്തുദിവസത്തിലധികം പഴക്കമുണ്ടെന്നും അറിയിച്ചു. വസ്‌ത്രത്തിൽ നിന്നും ലഭിച്ച ഫോട്ടോയും മേൽവിലാസത്തിൽ നിന്നുമാണ് ഷാനിബിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് ബന്ധുക്കളുമായി ബന്ധപ്പെടുകയായിരുന്നു.
അതേസമയം, ഷാനിബ് എങ്ങനെ കശ്‌മീരിൽ എത്തിയതെന്നതിൽ വ്യക്‌തത ഇല്ല. യുവാവിന് ചെറിയതോതിൽ മാനസിക പ്രശ്‌നമുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഇതിന് മുൻപും ഷാനിബ് വീട്ടുകാരോട് പറയാതെ പോവുകയും തിരിച്ചുവരികയും ചെയ്‌തിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 13നാണ് കാഞ്ഞിരപ്പുഴയിലെ വീട്ടിൽ നിന്നും അവസാനമായി പോയത്.
ബെംഗളൂരുവിലെ സൂപ്പർ മാർക്കറ്റിൽ ജോലി ലഭിച്ചെന്നും അങ്ങോട്ട് പോവുകയുമാണെന്നാണ് മാതാവ് ഹസീനയോട് പറഞ്ഞത്. ജോലിത്തിരക്കായിരിക്കുമെന്നും ഫോൺ ചെയ്യരുതെന്നും മെസേജ് അയക്കരുതെന്നും പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. സഹോദരി നിരവധിതവണ ഫോണിൽ വിളിച്ചെങ്കിലും ഷാനിബ് ഫോണെടുത്തിട്ടില്ലെന്നാണ് വിവരം. ഏറ്റവുമൊടുവിൽ കശ്‍മീരിൽ നിന്ന് മരണവാർത്തയാണ് കുടുംബത്തിന് ലഭിച്ചത്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി