കൊച്ചി: മലയാറ്റൂരിൽ 19-കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്‌റ്റിൽ. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) യെയാണ് ചൊവ്വാഴ്‌ച വീടിന് ഒരുകിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചിത്രപ്രിയയെ താൻ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് സുഹൃത്ത് അലൻ സമ്മതിച്ചതായാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. മദ്യലഹരിയിൽ കുറ്റകൃത്യം ചെയ്‌തുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. ചിത്രപ്രിയയുമായി വഴക്കുണ്ടായപ്പോൾ കല്ല് ഉപയോഗിച്ച് തലയ്‌ക്ക് അടിച്ചതാണെന്ന് അലൻ പറഞ്ഞു. ചിത്രപ്രിയ അലനൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ബൈക്കിൽ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ സമീപ സ്‌ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസമായി കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകൾ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളിൽ രക്‌തം പുരണ്ടതായും കണ്ടെത്തി.
ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്‌ച മുതലാണ് കാണാതായത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കാണാതായതിനെ തുടർന്ന് കാലടി പോലീസിൽ കുടുംബം പരാതി നൽകിയിരുന്നു. മലയാറ്റൂർ ഭാഗത്തുവെച്ച് കാണാതായി എന്നായിരുന്നു പരാതി. അന്വേഷണത്തിനിടെയാണ് മലയാറ്റൂർ മണപ്പാട്ട് ചിറയ്‌ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!




































