ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് സമീപമിരുന്ന് മാംസം കഴിച്ചെന്നാരോപിച്ച് ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ തല്ലിക്കൊന്നു. 22കാരനായ പ്രവീണ്‍ സൈനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗംഗ്‌നഹര്‍ ഘട്ടിനടുത്തിരുന്ന് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു പ്രവീണ്‍. ഇത് കണ്ട് വന്ന മൂന്ന് പേര്‍ ക്ഷേത്രത്തിന് സമീപത്തിരുന്ന് മാംസം കഴിക്കുന്നെന്ന് പറഞ്ഞ് യുവാക്കളുമായി വാക്ക് തർക്കം ഉണ്ടാക്കുകയായിരുന്നു.
യുവാക്കളെ മര്‍ദ്ദിച്ച ശേഷം ഇവര്‍ ബൈക്കില്‍ കടന്നുകളഞ്ഞു. യുവാവ് കഴിച്ചത് സോയാ ബീനും റൊട്ടിയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇത് മാംസമാണെന്ന് തെറ്റിദ്ധരിച്ചാണ് മൂന്നംഗം സംഘം പ്രവീണിനെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. പ്രതികള്‍ മദ്യലഹരിയിൽ ആയിരുന്നെന്നും വടിയും കല്ലുകളും കൊണ്ടുള്ള ആക്രമണത്തില്‍ പ്രവീണിനും സുഹൃത്തുക്കള്‍ക്കും സാരമായ പരിക്കു പറ്റിയിരുന്നെന്നും പോലീസ് പറയുന്നു.
പ്രതികളായ മൂന്ന് പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മുഖ്യപ്രതിയായ നിതിന്‍ സൈനികനാണ്. അവധിക്കെത്തിയതായിരുന്നു ഇയാള്‍. ആകാശ്, അശ്വനി എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍. ക്ഷേത്രത്തിലെയും സമീപത്തെ കടകളിലെയും ശുചീകരണ തൊഴിലാളിയായിരുന്നു പ്രവീണ്‍.
Also Read: ആൾകൂട്ടക്കൊല; ത്രിപുരയിൽ അക്രമികൾ ഒളിപ്പിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി







































