വയനാട്: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരെല്ലാം സ്ത്രീകളെന്ന് സ്ഥിരീകരണം. അപകടത്തിൽ തോട്ടം തൊഴിലാളികളായ ഒമ്പത് പേരാണ് മരിച്ചത്. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല, റാബിയ, ഷീജ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. നാലരയോടെയാണ് അപകടമുണ്ടായത്.
കണ്ണോത്ത് മലക്ക് സമീപം വളവും ഇറക്കവുമുള്ള റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടു 25 അടി താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞതാണ് അപകടം ഗുരുതരമാക്കിയത്. തോട്ടം തൊഴിലാളികളായ സ്ത്രീകൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പടെ നാല് പേരുടെ നില അതീവ ഗുരുതരമാണ്. വനംമന്ത്രി എകെ ശശീന്ദ്രൻ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിൽ ഒമ്പത് പേർ മരിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹം മാനന്തവാടി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇവരുടെ പോസ്റ്റുമോർട്ടം നടപടികൾ നാളെ നടക്കും. ഗുരുതരമായി പരിക്കേറ്റവർക്ക് കൂടുതൽ ചികിൽസ ആവശ്യമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സംഭവം അത്യന്തം ദുഃഖകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവരുടെ ചികിൽസയടക്കം മറ്റു അടിയന്തിര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എകെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാനന്തവാടിയിൽ തേയില തൊഴിലാളികളുടെ ജീവൻ അപഹരിച്ച ജീപ്പ് അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് വയനാട് എംപി രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. ജില്ലാ ആധികാരികളുമായി സംസാരിച്ചതായും വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ കുറിച്ചു.
Most Read| മണിപ്പൂർ കലാപം; സിബിഐ കേസുകൾ അസമിലേക്ക് മാറ്റി സുപ്രീം കോടതി