ന്യൂഡെൽഹി: വർഷാവസാന പരീക്ഷകളിൽ വിജയിക്കാത്ത കുട്ടികൾക്ക് അടുത്ത ക്ളാസുകളിലേക്ക് സ്‌ഥാനക്കയറ്റം നൽകുന്നത് ഒഴിവാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസ നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.
5, 8 ക്ളാസുകളിലെ വിദ്യാർഥികളെയാണ് തീരുമാനം ബാധിക്കുന്നത്. വർഷാവസാന പരീക്ഷകളിൽ വിജയിക്കാത്ത വിദ്യാർഥികളെ പരാജയപ്പെടുത്താൻ സംസ്‌ഥാന സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. വർഷാവസാന പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർഥികൾക്ക് അധിക പരിശീലനം നൽകുന്നതിനും ഫലം വന്ന് രണ്ടുമാസത്തിനുള്ളിൽ വീണ്ടും പരീക്ഷ എഴുതാനും അവസരം നൽകുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
എന്നാൽ, പുനഃപരീക്ഷയിലും പരാജയപ്പെട്ടാൽ ക്ളാസ് കയറ്റം അനുവദിക്കില്ല. അതേസമയം, വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു സ്‌കൂളിനും ഒരു കുട്ടിയെയും പുറത്താക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്‌തമാക്കി. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക സ്‌കൂളുകൾ എന്നിവയുൾപ്പടെ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മൂവായിരത്തിലധികം സ്‌കൂളുകൾക്ക് ഈ വിജ്‌ഞാപനം ബാധകമാകുമെന്ന് സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്‌ജയ് കുമാർ അറിയിച്ചു.
നിലവിലെ നോ-ഡിറ്റൻഷൻ നയം അനുസരിച്ചു ഒന്ന് മുതൽ എട്ട് വരെയുള്ള ക്ളാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു വിദ്യാർഥിയെയും പരാജയപ്പെടുത്താനോ സ്‌കൂളിൽ നിന്ന് പുറത്താക്കാനോ പാടില്ല. എട്ടാം ക്ളാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും അടുത്ത ക്ളാസിലേക്ക് ജയിപ്പിച്ചു വിടണം.
ഈ നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരളം നേരത്തെ ശക്‌തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് വിദ്യാർഥികളുടെ സമ്മർദ്ദം വർധിപ്പിക്കുമെന്നും നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വിദ്യാർഥികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നുമാണ് കേരളത്തിന്റെ നിലപാട്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും