കർണാടക: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി സ്വദേശി അഷ്‌റഫിന്റെ (36) മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മംഗളൂരുവിലെത്തിയ സഹോദരൻ ജബ്ബാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചു. മലപ്പുറം പാറപ്പൂരിലെ മഹല്ല് പള്ളിയിൽ കബറടക്കും.
ഞായറാഴ്‌ച വൈകീട്ടോടെയാണ് മംഗളൂരുവിനടുത്ത് കടുപ്പു കല്ലുട്ടിയിലെ ഗ്രൗണ്ടിന് സമീപം അഷ്‌റഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് പാകിസ്‌ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് അഷ്റഫിനെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നത്. യുവാവ് ‘പാക്കിസ്‌ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചതായാണ് ആരോപണം.
ആൾക്കൂട്ട ആക്രമണത്തിലാണ് അഷ്റഫ് കൊല്ലപ്പെട്ടതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയും സ്‌ഥിരീകരിച്ചിരുന്നു. സംഭവത്തിൽ 20 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ടൂർണമെന്റിൽ പത്ത് ടീമുകളാണ് പങ്കെടുത്തിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം നൂറിലേറെ പേർ സ്‌ഥലത്തുണ്ടായിരുന്നു. സച്ചിൻ എന്നയാളും അഷ്റഫും തമ്മിലാണ് ആദ്യം വാക്കേറ്റമുണ്ടായത്. പിന്നീട് ഇത് കൂട്ട ആക്രമണത്തിൽ കലാശിച്ചു.
യുവാവിന് നിരന്തരം മർദ്ദനമേറ്റതിനെ തുടർന്ന് ആന്തരിക രക്‌തസ്രാവമുണ്ടായതാണ് മരണകാരണം. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും മാരകമായി പരിക്കേറ്റതായും പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. യുവാവ് കൊല്ലപ്പെട്ടതോടെ പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ഉൾപ്പടെ പോലീസ് പരിശോധിക്കുകയാണ്.
അതിനിടെ, കൊല്ലപ്പെട്ട അഷ്റഫ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും തൊടുപുഴയിലും തൃശൂരിലുമായി ചികിൽസ തേടിയിട്ടുണ്ടെന്നും ഇളയ സഹോദരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അഷ്റഫ് ചെറിയ പെരുന്നാളിന് രണ്ടുദിവസം മുൻപ് വീട്ടിൽ വന്നിരുന്നു. മംഗളൂരുവിൽ ആക്രി പെറുക്കിവിറ്റ് കഴിയുകയായിരുന്നു. വേങ്ങരയിൽ നിന്നാണ് ഇവരുടെ കുടുംബം പുൽപ്പള്ളിയിലേക്ക് മാറിയത്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി