തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി പത്തുമണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ളബിന് മുന്നിൽ വെച്ചായിരുന്നു അപകടം. നിവേദിത് കൃഷ്‌ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്.
ബൈക്കിലിടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. നിവേദിതിന്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സുധീർകുമാർ രാജു എന്നാണ് കാറിന്റെ ആർസി ഉടമസ്‌ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പോലീസ് നൽകിയ വിവരം.
ഒരു നടന്റെ വാഹനമാണെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്‌ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, താൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയൻപിള്ള രാജു ഇന്ന് രാവിലെ വ്യക്‌തമാക്കി. സുബ്രഹ്‌മണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് പിന്നാലെ മണിയൻപിള്ള രാജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു. നടനെ അന്വേഷിച്ച് ഇന്നലെ രാത്രിയിൽ തന്നെ വീട്ടിൽ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. തന്റെ കാറിന്റെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോഴത്തെ പേടി കാരണമാണ് വാഹനം നിർത്താഞ്ഞതെന്നും താൻ മദ്യപിച്ചിരുന്നില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
വോൾവോ കാറാണ് ഇടിച്ചതെന്ന് യുവാക്കൾ പോലീസിന് മൊഴി നൽകിയിരുന്നു. അപകടത്തെ തുടർന്ന് കാറിന്റെ നമ്പർ പ്‌ളേറ്റ് ഇളകി വീണിരുന്നു. ഇതിനെ അടിസ്‌ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കാർ മണിയൻപിള്ള രാജുവിന്റേതാണെന്ന് സ്‌ഥിരീകരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇദ്ദേഹത്തെ പോലീസിന് ബന്ധപ്പെടാനായത്. അപകടത്തിൽ കേസെടുത്ത മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഹാജരാകാമെന്ന് മണിയൻപിള്ള രാജു അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല


































