പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയെന്ന് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക റിപ്പോർട്. ഇന്നലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഗ്നിരക്ഷാ സേന നടത്തിയ പരിശോധനയിലാണ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയാണ് ഹോട്ടൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയുടെ എൻഒസി എടുക്കാതെയാണ് ഹോട്ടൽ പ്രവർത്തിച്ചതെന്ന് ജില്ലാ ഫയർ ഓഫിസർ വികെ ഋതീജ് പറഞ്ഞു.
2019ൽ ഹോട്ടലിന് എൻഒസി ഇല്ലെന്ന് കാണിച്ച് കത്ത് നൽകിയിരുന്നു. തുടർന്ന് സംവിധാനം ഒരുക്കിയതായി മറുപടിയും ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. കൂടാതെ തീപിടുത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ പെട്ടെന്ന് രക്ഷപെടാനുള്ള എക്സിറ്റ് സംവിധാനം ഒരുക്കുന്നതിലും ഹോട്ടലിന് വീഴ്ച പറ്റിയിട്ടുണ്ട്. കെട്ടിട നിർമാണ ചട്ടത്തിൽ സുരക്ഷയ്ക്കായി ഏറ്റവും മുകളിലത്തെ നിലയിൽ തുറന്ന ഭാഗം വേണമെന്നതും ഇവിടെ പാലിച്ചിട്ടില്ല. റസ്റ്റോറന്റിന് സമീപത്താണ് തീപിടുത്തം ഉണ്ടായെതെന്നാണ് പ്രാഥമിക നിഗമനം.
കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ തീപിടുത്തകാരണം മനസിലാക്കാൻ സാധിക്കുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു. അതേസമയം, തീപിടുത്തം നടന്ന സമയത്ത് ഹോട്ടലിൽ എത്രപേർ ഉണ്ടായിരുന്നതായുള്ള വിവരം നൽകാൻ ജീവനക്കാർ തയ്യാറായില്ലെന്ന് അധികൃതർ പറഞ്ഞു. ഇതോടെ ഹോട്ടലിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന് കണക്കാക്കാനും കഴിഞ്ഞിട്ടില്ല. തീകെടുത്തിയ ശേഷം പുക പുറത്തേക്ക് വിടാൻ ജനാല പൊളിച്ചപ്പോഴാണ് രണ്ടുപേർ മരിച്ചു കിടക്കുന്നത് കണ്ടത്.
ഇവർ ഉള്ളിലുള്ള വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും സേനാ അധികൃതർ പറഞ്ഞു. അതേസമയം, തീപിടുത്തത്തിൽ അഗ്നിശമന സേനക്കെതിരെ ഹോട്ടലുടമ ഫായിദാ ബഷീർ രംഗത്തെത്തിയിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്താൻ വൈകിയെന്നും അതിനാലാണ് തീ പടർന്നതെന്നുമാണ് ഹോട്ടൽ ഉടമ ആരോപിച്ചത്. എന്നാൽ, ഇത് തികച്ചും തെറ്റായ ആരോപണമാണെന്ന് അഗ്നിരക്ഷാ സേന പ്രതികരിച്ചു. വിവരം ലഭിച്ച് നാല് മിനിട്ടിനകം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായും അധികൃതർ പറഞ്ഞു.
Read Also: നിപ; ഇതുവരെയുള്ള പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി







































