റായ്പൂർ: ഛത്തീസ്ഗഢിൽ ഉണ്ടായ മാവോവാദി ആക്രമണത്തിൽ ഇന്നലെ കാണാതായ 21 ജവാൻമാർക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ച് സുരക്ഷാ സൈനികരാണ് ഇന്നലെ വീരമൃത്യു വരിച്ചത്. ഇതേ തുടർന്ന് സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ് ഛത്തീസ്ഗഢിലേക്ക് തിരിച്ചുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
സുക്മ-ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലാണ് ഉണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു. ആക്രമണത്തിൽ 24 ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. കോബ്ര യൂണിറ്റ്, സിആർപിഎഫ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ജവാൻമാരാണ് കൊല്ലപ്പെട്ടത്.
ഒരു വനിതാ മാവോവാദിയുടെ മൃതദേഹവും സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി സിആർപിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. മാവോവാദികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ജവാൻമാരുടെ വീരമൃത്യുവിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. സമാധാനത്തിന്റെ ശത്രുക്കൾക്ക് എതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Also Read: കുടുംബവഴക്കിനെ തുടർന്ന് വീടിനു തീയിട്ടു; കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം







































