ഭുവനേശ്വർ: ഒഡീഷയിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ സിപിഐ (മാവോയിസ്‌റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ മാവോയിസ്‌റ്റ് കമാൻഡറെ സംയുക്‌ത സേന വധിച്ചു. റാംപ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗണേഷ് ഉയികെയെ (69) ബിഎസ്എഫ്, സിആർപിഎഫ് സംയുക്‌ത സേന വധിച്ചത്.
ഇയാൾക്കൊപ്പം രണ്ട് വനിതകൾ ഉൾപ്പടെ ആറ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ഉയികെയുടെ തലയ്‌ക്ക് 1.1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രാവിലെ ഒമ്പത് മണിയോടെ റാംപ വനമേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാ സേനയാണ് മാവോയിസ്‌റ്റ് സംഘത്തെ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമുട്ടലിലേക്ക് കടക്കുകയായിരുന്നു.
ഉച്ചയോടെ സുരക്ഷാസേന ഗണേഷ് ഉയികെ ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. സ്‌ഥലത്ത് നിന്നും അത്യാധുനിക ആയുധങ്ങളും കണ്ടെത്തി. തെലങ്കാനയിലെ നൽഗൊണ്ടയിൽ നിന്നുള്ള മാവോയിസ്‌റ്റ് നേതാവാണ് ഗണേഷ് ഉയികെ. കഴിഞ്ഞ 40 വർഷമായി മാവോയിസ്‌റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഉയികെയ്‌ക്ക് മാവോയിസ്‌റ്റ് പ്രസ്‌ഥാനം കിഴക്കൻ മേഖലയിലേക്ക് വ്യാപിപ്പിച്ചതിൽ പ്രധാന പങ്കുണ്ട്.
അടുത്തിടെ ഒട്ടേറെ മുതിർന്ന മാവോയിസ്‌റ്റ് നേതാക്കൾ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടിരുന്നു. ആയിരക്കണക്കിന് പ്രവർത്തകർ ആയുധങ്ങളുമായി കീഴടങ്ങുകയും ചെയ്‌തു. 2026 മാർച്ചോടെ രാജ്യം മാവോയിസ്‌റ്റ് വിമുക്‌തമാക്കുമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































