ഒട്ടാവ: കാനഡയുടെ ലിബറൽ പാർട്ടി നേതാവായും 24ആം പ്രധാനമന്ത്രിയായും മാർക്ക് കാർനിയെ പ്രഖ്യാപിച്ചു. ലിബറൽ പാർട്ടി പ്രസിഡണ്ട് സച്ചിത് മെഹ്‌റയാണ് കാർനിയുടെ വിജയം പ്രഖ്യാപിച്ചത്. ജസ്‌റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ഇനി കാനഡയെ കാർനി നയിക്കും.
ട്രൂഡോയുടെ പിൻഗാമിയായി ലിബറൽ പാർട്ടി നേതാവാകാൻ സാധ്യതയുള്ളവരിൽ മുന്നിലായിരുന്നു കാർനി. നേരത്തെ ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റെയും ഗവർണറായിരുന്നു. 2008 മുതൽ 2023 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായിരുന്നു. 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്‌റ്റെബിലിറ്റി ബോർഡിന്റെ ചെയർമാനായും പ്രവർത്തിച്ചു.
2008ലെ സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെടാതെ കാനഡയെ പ്രതിരോധിച്ചവരിൽ മുൻനിരയിൽ കാർനിയും ഉണ്ടായിരുന്നു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ നേരിടാൻ പറ്റിയ മികച്ച രാഷ്‌ട്രീയക്കാരനായാണ് കാർനിയെ കനേഡിയർ കാണുന്നത്.
‘കാനഡ ശക്‌തമാണെന്ന്’, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ കാർനി പറഞ്ഞു. ”വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് ആഗ്രഹം. ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ല. അദ്ദേഹം വിജയിക്കാൻ ഞങ്ങൾ അനുവദിക്കില്ല. സ്വതന്ത്രവും നീതിയുക്‌തവുമായ വ്യാപാരത്തിന് കാനഡയുമായി യുഎസ് കൈകോർക്കണം. അതുവരെ തിരിച്ചടികൾ തുടരും. കാനഡയുടെ വിഭവങ്ങളും ഭൂമിയും രാജ്യവും അമേരിക്കക്കാർ ആഗ്രഹിക്കുന്നു. ഇത് കാനഡക്കാരുടെ ജീവിതരീതിയെ നശിപ്പിക്കും”- കാർനി പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ലിബറൽ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്‌റ്റിൻ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചത്. ഒമ്പതുവർഷത്തിലേറെ ഭരണത്തിലിരുന്ന ശേഷമാണ് ട്രൂഡോ സ്‌ഥാനമൊഴിഞ്ഞത്. ഇതിന് പിന്നാലെയാണ് ട്രൂഡോയ്‌ക്ക് പകരക്കാരനെ കണ്ടെത്താൻ ലിബറൽ പാർട്ടി തിരഞ്ഞെടുപ്പ് നടത്തിയത്.
Most Read| ഇത് വിഴിഞ്ഞത്തെ പെൺപുലികൾ; ചരിത്രം സൃഷ്‌ടിച്ച് വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ