ഒറ്റപ്പാലം: കോവിഡ് പശ്‌ചാത്തലത്തിൽ കന്നുകാലി ചന്തകൾ തുറക്കാത്തത് കാരണം മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് കന്നുകാലികളെത്തുന്നത് വീണ്ടും കുറഞ്ഞു. കോവിഡിന് മുമ്പുള്ള കണക്കുകളെ അപേക്ഷിച്ച് 25-30 ശതമാനം മാത്രം കന്നുകാലികളാണ് സംസ്‌ഥാനത്തേക്ക് ഇപ്പോൾ എത്തുന്നത്. ചന്തകൾ കൃത്യമായി പ്രവർത്തിക്കാത്തതാണ് കാലികളുടെ വരവ് കുറയാൻ ഇടയാക്കിയത്.
മൂന്ന് മാസം മുമ്പ് 35-40 ശതമാനം വരെ കന്നുകാലികൾ എത്തിയിരുന്നു. എന്നാൽ ഇവയുടെ സംരക്ഷണവും പരിപാലനവും വിൽപനയും ബുദ്ധിമുട്ടായതോടെ കാലിവരവ് ക്രമേണ കുറയുകയായിരുന്നു. ചെറുകിട കച്ചവട കേന്ദ്രങ്ങളുൾപ്പടെ നൂറിലധികം ചന്തകൾ സംസ്‌ഥാനത്തുണ്ട്. ഇതിൽ 45 ചന്തകൾക്ക് മാത്രമേ അംഗീകാരമുള്ളൂ.
സർക്കാർ നിയന്ത്രണത്തിലുള്ള കൂത്താട്ടുകുളം കൈപ്പുഴയിലുള്ള ചന്ത മാത്രമാണ് തുറന്നിട്ടുള്ളത്. പ്രാദേശികമായുള്ള കാലികളെ വിൽപന നടത്താനുള്ള സംവിധാനം ചിലയിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. മറ്റിടങ്ങളിലെല്ലാം പ്രധാനമായും കാലികളെ വീടുകളിലും മറ്റും കെട്ടി ആവശ്യക്കാർ വരുമ്പോൾ കച്ചവടം ചെയ്യുകയാണ്.
കന്നുകാലികൾ കൂടുതലായി സംസ്‌ഥാനത്തേക്ക് എത്തുന്നത് തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ നിന്നാണ്. 400 ലോഡ് കാലികളാണ് വലിയ ചന്തകളിലേക്ക് ആഴ്‌ച തോറും എത്തിയിരുന്നത്. കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ചന്തകൾ കൃത്യമായി തുറക്കാൻ സാധിക്കാത്തതിനാൽ കച്ചവടക്കാരും ചന്തനടത്തിപ്പുകാരും ബുദ്ധിമുട്ടിലാണ്. മറ്റെല്ലാ മേഖലകളിലും സർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചന്ത നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്ന് കാറ്റിൽ മെർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറി യൂസഫ് അപ്പക്കാട്ടിൽ പറഞ്ഞു.







































