തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായ ഷാജൻ സ്‌കറിയയെ പോലീസ് അറസ്‌റ്റ് ചെയ്‌ത രീതിയിൽ ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷൻ (ജെഎംഎ) അപലപിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം എന്നാണ് ജെഎംഎപത്രകുറിപ്പിൽ വിശേഷിപ്പിച്ചത്.
മാഹി സ്വദേശിനി ഘാന വിജയൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് എഫ്‌ഐആർ പോലും നൽകാതെ, വസ്‌ത്രം ധരിക്കാനുള്ള സാവകാശം നൽകാതെ, രാത്രി 8 മണിയോടെയാണ് 90 വയസോളം പ്രായമായ മാതാപിതാക്കൾക്ക് മുന്നിൽവെച്ച്, ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ കൊടും കുറ്റവാളിയെ അറസ്‌റ്റ് ചെയ്യുന്ന രീതിയിൽ ഷാജനെ കസ്‌റ്റഡിയിൽ എടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഷാജന്റെ അഭിഭാഷകൻ ശ്യാം ശേഖറിന്റെ ശക്‌തമായ ഇടപെടലിനെ തുടർന്ന് രാത്രിതന്നെ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് ശ്വേതാ ശശികുമാറിന്റെ ഔദ്യോഗിക വസതിയിൽ ഹാജരാക്കുകയും ജാമ്യം ലഭിക്കുകയും ചെയ്‌തിരുന്നു. ഈ കേസിലെ അറസ്‌റ്റ് രീതിയിലാണ് ജെഎംഎയുടെ പ്രതിഷേധം.
“ഒരു വാർത്ത സംപ്രേഷണം ചെയ്‌തതിന്റെ പേരിൽ, ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്നതിന് സമാനമായാണ് അദ്ദേഹത്തെ പോലീസ് നേരിട്ടത്. രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി, ഷർട്ട് ധരിക്കാൻ പോലും സമയം അനുവദിക്കാതെ അറസ്‌റ്റ് ചെയ്‌ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും പ്രാകൃതവുമാണ്.” – ജെഎംഎ പത്രകുറിപ്പിൽ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് നേരെയുള്ള നഗ്‌നമായ വെല്ലുവിളിയാണ്. നിർഭയമായി വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാദ്ധ്യമ പ്രവർത്തകരുടെ അവകാശത്തിൻ മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
മാദ്ധ്യമ പ്രവർത്തകർക്കെതിരെ പോലീസ് നടത്തുന്ന ഇത്തരം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികൾ ഒരു ജനാധിപത്യ സമൂഹത്തിൽ ഒട്ടും സ്വീകാര്യമല്ല. ഇതിനെതിരെശക്‌തമായ നടപടികളുമായി മുന്നോട്ടുപോകാനും, മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനും JMA പ്രതിജ്‌ഞാബദ്ധമാണ്. -ജെഎംഎ വിശദീകരിച്ചു.
NATIONAL | പഹൽഗാം ഭീകരാക്രമണം; വ്യാപാരി കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യുന്നു