പാലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വർണം പോലീസ് വീണ്ടെടുത്തു. മഹാരാഷ്ട്രയിലെ സത്താറയിൽ വിവിധ സ്വർണ വ്യാപാരികളിൽ നിന്നുമാണ് പോലീസ് സ്വർണം വീണ്ടെടുത്തത്.
കോയമ്പത്തൂർ- മണ്ണുത്തി ദേശീയ പാതയോരത്തെ മരുത റോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് ഏഴര കിലോ സ്വർണവും 18000 രൂപയും കവർന്നത്. അതേസമയം ബാക്കി സ്വർണം കണ്ടെത്താനായി അന്വേഷണ സംഘം മഹാരാഷ്ട്രയിൽ തുടരുകയാണ്.
ഷട്ടറിന്റെ പൂട്ടു തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ലോക്കർ തകർത്ത ശേഷമായിരുന്നു സ്വർണ കവർച്ച. ലോക്കറിലെ ഇരുമ്പ് പാളികൾ മുറിച്ചാണ് മോഷണം നടത്തിയത്.
സിസിടിവിയുടെ കേബിളുകൾ, അലാറം കേബിളുകൾ എന്നിവ മുറിച്ചതിന് ശേഷമാണ് പ്രതികൾ മോഷണം നടത്തിയത്. സിസി ടിവി ദൃശ്യങ്ങൾ ശേഖരിക്കുന്ന മെമ്മറി കാർഡും നഷ്ടപ്പെട്ടിരുന്നു. അതേസമയം കവർച്ച ചെയ്യപ്പെട്ട ബാക്കി സ്വർണം ഉടൻ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.
Malabar News: മുക്കത്ത് വർക്ക് ഷോപ്പ് ഉടമക്ക് എട്ടംഗ സംഘത്തിന്റെ ക്രൂര മർദ്ദനം