ന്യൂഡെൽഹി: ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18 മരണം. മഹാകുംഭമേളയ്‌ക്ക് പ്രയാഗ്‌രാജിലേക്ക് പോകാനെത്തിയവരുടെ അനിയന്ത്രിതമായ ഒഴുക്ക് കാരണമാണ് റെയിൽവേ സ്‌റ്റേഷനിൽ തിക്കും തിരക്കും അനുഭവപ്പെട്ടത്. നാല് കുഞ്ഞുങ്ങളും 11 സ്‌ത്രീകളും ഉൾപ്പടെ 18 പേരാണ് മരിച്ചത്.
പരിക്കേറ്റ അമ്പതിലധികം പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. 14,15 പ്ളാറ്റ്‌ഫോമുകളിലായിരുന്നു തിരക്ക്. പ്രയാഗ്‌രാജ് എക്‌സ്‌പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്‌റ്റേഷനിലെത്തിയത്. പ്ളാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ.
12, 13 പ്ളാറ്റ്‌ഫോമുകളിലായി എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജധാനി എക്‌സ്‌പ്രസുകൾ വൈകിയതോടെ ഈ പ്ളാറ്റ്‌ഫോമുകളിൽ വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. അധികൃതർ സഹായങ്ങളെല്ലാം ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു.
സ്‌ഥിതി നിയന്ത്രണവിധേയമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അപകടത്തിൽ അനുശോചിച്ചു. റെയിൽവേ മന്ത്രിയുമായി സംസാരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്‌ഥരെ സ്‌റ്റേഷനിൽ വിന്യസിച്ചിട്ടുണ്ട്.
തീർഥാടകരുടെ തിരക്ക് കുറയ്‌ക്കാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. റെയിൽവേ ഉന്നത സമിതി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര നടപടി കൈക്കൊള്ളാൻ ചീഫ് സെക്രട്ടറിക്കും കമ്മീഷണർക്കും ഡെൽഹി ലഫ്. ഗവർണർ വികെ സക്‌സേന നിർദ്ദേശം നൽകി. ഗവർണർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
Most Read| ‘ലൗ ജിഹാദ്’ ഗുരുതര പ്രശ്‌നം, നിയമനിർമാണത്തിന് മഹാരാഷ്‌ട്ര; ഏഴംഗ സമിതിയെ നിയോഗിച്ചു