കോഴിക്കോട്: സംസ്ഥാനത്തെ ആറ് കോർപറേഷനുകൾ ഉൾപ്പടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും നാളെ അറിയാം. മേയർ, ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് രാവിലെ 10.30നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നുമാണ്.
ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 2.30നും നടക്കും. കണ്ണൂർ, തൃശൂർ, കൊച്ചി കോർപറേഷനുകളിലെ മേയർ സ്ഥാനങ്ങൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
101 അംഗ തിരുവനന്തപുരം കോർപറേഷനിൽ 50 അംഗങ്ങളുമായി ജയിച്ച ബിജെപിയുടെ മേയർ സ്ഥാനാർഥി വിവി രാജേഷാണ്. ആശാ നാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. കെഎസ് ശബരീനാഥൻ യുഡിഎഫ് മേയർ സ്ഥാനാർഥിയും ആർപി ശിവജി സിപിഎമ്മിന്റെ മേയർ സ്ഥാനാർഥിയുമാണ്.
കൊല്ലം കോർപറേഷനിൽ മികച്ച വിജയം നേടിയ യുഡിഎഫ്, എകെ ഹഫീസിനെയാണ് മേയർ സ്ഥാനാർഥിയായി രംഗത്തിറക്കിയിരിക്കുന്നത്. എന്നാൽ, ഡെപ്യൂട്ടി മേയർ ആരാകുമെന്നതിൽ സസ്പെൻസ് തുടരുകയാണ്.
വൻ ഭൂരിപക്ഷത്തിൽ ഭരണം പിടിച്ചുവെങ്കിലും കൊച്ചി കോർപറേഷനിലെ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മേയർ പദവിയിൽ വികെ മിനിമോളും ഷൈനി മാത്യുവും രണ്ടരക്കൊല്ലവീതം മേയർ സ്ഥാനം വഹിക്കും. ടികെ അഷറഫ്, ദീപക് ജോയ്, കെവിപി കൃഷ്ണകുമാർ എന്നിവർ ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടും.
56 അംഗ തൃശൂർ കോർപറേഷനിൽ 33 സീറ്റുകളുമായി വലിയ വിജയമാണ് യുഡിഎഫ് നേടിയത്. മേയർ സ്ഥാനാർഥിയായി ഡോ. നിജി ജസ്റ്റിനെ കോൺഗ്രസ് പ്രഖ്യാപിച്ചു. എ. പ്രസാദാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി.
കോഴിക്കോട് കോർപറേഷനിൽ ഭരണം നേടിയ എൽഡിഎഫ് ഒ. സദാശിവനെയാണ് മേയർ സ്ഥാനാർഥിയായി രംഗത്തിറക്കിയത്. ഡോ. എസ് ജയശ്രീയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. 56 അംഗ കണ്ണൂർ കോർപറേഷനിലെ 36 സീറ്റുകൾ നേടി യുഡിഎഫ് സ്വന്തമാക്കിയത് ആധികാരിക വിജയമാണ്. നിലവിലെ ഡെപ്യൂട്ടി മേയറായ പി. ഇന്ദിരയാണ് യുഡിഎഫിന്റെ മേയർ സ്ഥാനാർഥി. കെപി താഹിറയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്ട്രേലിയയിൽ






































