അഹമ്മദാബാദ്: ആരോഗ്യകേന്ദ്രത്തിൽ നിന്ന് കോവിഡ് പരിശോധനാ കിറ്റുകൾ മോഷ്‌ടിച്ചെന്ന കേസിൽ എംബിബിഎസ് വിദ്യാർഥി അറസ്‌റ്റിൽ. അഹമ്മദാബാദ് എൻഎച്ച്എൽ മുനിസിപ്പൽ മെഡിക്കൽ കോളേജിലെ അവസാന സെമസ്‌റ്റർ വിദ്യാർഥിയും ഗാന്ധിനഗർ സ്വദേശിയുമായ മീത് ജെത്വ(21)യെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മാർച്ച് 24നാണ് അഹമ്മദാബാദ് ഗട്ട്ലോഡിയയിലെ അർബൻ ഹെൽത്ത് സെന്ററിൽ (യുഎച്ച്സി) നിന്ന് ഇയാൾ 6.27 ലക്ഷം രൂപയുടെ കോവിഡ് പരിശോധന കിറ്റുകൾ മോഷ്‌ടിച്ചത്.
16 പെട്ടി കോവിഡ് ആന്റിജൻ പരിശോധനാ കിറ്റുകൾ കാണാനില്ലെന്ന് ആരോഗ്യകേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. പവൻ പട്ടേൽ മാർച്ച് 24ന് തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. ജീവനക്കാരാണ് പരിശോധന കിറ്റുകൾ കാണാനില്ലെന്ന് തന്നെ അറിയിച്ചതെന്നും ഒരാൾ കാറിൽ കിറ്റുകൾ കയറ്റിക്കൊണ്ടുപോകുന്നത് ജീവനക്കാരിൽ ഒരാൾ കണ്ടെന്നും പരാതിയിൽ പറയുന്നു.
കാറിന്റെ രജിസ്ട്രേഷൻ നമ്പറും പോലീസിന് കൈമാറിയിരുന്നു. തുടർന്ന് കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മാർക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്ന മറ്റൊരാൾക്ക് വിൽക്കാൻ വേണ്ടിയാണ് ഇയാൾ കോവിഡ് കിറ്റുകൾ മോഷ്‌ടിച്ചതെന്ന് പോലീസ് പറഞ്ഞു. കോവിഡ് പരിശോധനക്ക് ശേഷമാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Read also: കുപ്പി വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കും; നടപടികളുമായി സൗദി