മലപ്പുറം: ജില്ലയിൽ രണ്ട് ഇടങ്ങളിലായി വൻ ലഹരി വേട്ട. വേങ്ങര, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിച്ചുവരുന്ന എംഡിഎംഎയുമായി മൂന്നുപേർ വേങ്ങര പൊലീസിന്റെ പിടിയിലായി. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ചുലക്ഷം രൂപയിലധികം വിലവരും. പെരിന്തൽമണ്ണ പോലീസ് പത്ത് കിലോയിൽ അധികം കഞ്ചാവുമായി മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.
പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വേങ്ങരയിൽ പ്രതികൾ പിടിയിലായത്. വേങ്ങര അരീങ്കുളം സ്വദേശി കല്ലൻ ഇർഷാദ്, കിളിനക്കോട് സ്വദേശി തച്ചരുപടിക്കൽ മുഹമ്മദ് ഉബൈസ്, മുന്നിയൂർ ആലിൻചോട് സ്വദേശി അബ്ദുസലാം എന്നിവരാണ് വേങ്ങര പോലീസിന്റെ പിടിയിലായത്.
ജില്ലയിലേക്ക് ചില കൊറിയർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സിന്തറ്റിക് മയക്കു മരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയവ ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നും എത്തുന്നതായി ആയിരുന്നു പൊലീസിന് ലഭിച്ച രഹസ്യവിവരം. പ്രതികളുടെ അറസ്റ്റോടെ മയക്കുമരുന്നിന്റെ ജില്ലയിലെ ഏജന്റുമാരെകുറിച്ചും ഇടനിലക്കാരെ കുറിച്ചും അവരുടെ രഹസ്യകേന്ദ്രങ്ങളെകുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി ലോറികളിലും മറ്റും ഒളിപ്പിച്ച് അട്ടപ്പാടി മണ്ണാർക്കാട് ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തെയാണ് പോലീസ് വലയിലാക്കിയത്. മണ്ണാർക്കാട് സ്വദേശികളായ തീയത്താളൻ അക്ബറലി, പൂളോണ മുഹമ്മദ് അലി, കലകപ്പാറ മുഹമ്മദ് ഷബീർ എന്നിവരെ പെരിന്തൽ മണ്ണ ബൈപ്പാസിൽ വച്ച് ബൈക്ക് സഹിതമാണ് അറസ്റ്റ് ചെയ്തത്. 10 കിലോയിൽ അധികം കഞ്ചാവ് ഇവരിൽ നിന്നും പിടികൂടി.
ആന്ധ്ര തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്ന കഞ്ചാവ് പ്രത്യേക ഏജന്റുമാർ മുഖേന ചരക്ക് ലോറികളിലും മറ്റും ഒളിപ്പിച്ച് കേരളത്തിലെ ജില്ലാ അതിർത്തി പ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവർ. ജില്ലയിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Malabar News: ക്യാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണമിശ്രിതം പിടികൂടി







































