കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അറ്റൻഡർ എഎം ശശീന്ദ്രനെയാണ് പിരിച്ചുവിട്ടത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് നടപടിയെടുത്തത്. 2023 മാർച്ച് 18നാണ് സംഭവം.
തൈറോയ്‌ഡ് ശസ്‌ത്രക്രിയക്ക് ശേഷം ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ അറ്റൻഡർ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം യുവതിയെ സ്‌ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം.
സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടുവന്ന ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചുസമയം കഴിഞ്ഞ് തിരിച്ചുവന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്‌ഥിതി ഗുരുതരമായതിനാൽ ജീവനക്കാരെല്ലാം അവിടെയായിരുന്നു. ഈ സമയത്തായിരുന്നു പീഡനം.
ശസ്‌ത്രക്രിയക്ക് ശേഷം മയക്കം പൂർണമായി മാറാത്ത യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. മെഡിക്കൽ കോളേജ് അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തിന് ശേഷം അതിജീവിത നിരന്തരം നിയമപോരാട്ടത്തിൽ ആയിരുന്നു. പോരാട്ടം വിജയം കണ്ടെന്ന് അതിജീവിത പറഞ്ഞു.
Most Read| ഗാസ നഗരത്തെ ഏറ്റെടുക്കും; പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി