ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ (എച്ച്എംസി) രോഗികൾക്ക് ഇനി മുതൽ ഓൺലൈനായി മെഡിക്കൽ റിപ്പോർട്ടുകൾക്ക് അപേക്ഷിക്കാം. പുതിയ സേവനത്തിന് കോർപ്പറേഷൻ തുടക്കം കുറിച്ചു. വ്യക്‌തിഗത മെഡിക്കൽ റിപ്പോർട്ടുകൾ കിട്ടാനായി കൂടുതൽ സൗകര്യപ്രദമായ മാർഗം സ്വീകരിക്കണമെന്ന പൊതുജനത്തിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ സേവനം ആരംഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വ്യക്‌തിക്ക് സ്വന്തമായോ ചുമതലപ്പെടുത്തുന്നയാൾ മുഖേനയോ മെഡിക്കൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനാകും. ഇതിനുള്ള ഫീസും ആശുപത്രിയിൽ നേരിട്ട് എത്താതെ തന്നെ അടക്കാൻ കഴിയും. ഖത്തർ നാഷണൽ ബാങ്കിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫീസ് ഓൺലൈനായി സ്വീകരിക്കുന്നത്.
Read also: വാക്‌സിൻ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് തന്റെ വിജയം തടയുന്നതിനെന്ന് ട്രംപ്
ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് സേവനങ്ങൾ കൂടുതൽ സുഗമമാക്കുവാൻ കോർപ്പറേഷൻ എപ്പോഴും മുൻപന്തിയിലുണ്ടെന്ന് എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ അലി അൽ ഖാതിർ പറഞ്ഞു. ഖത്തർ ദേശീയ നയം 2030ന്റെ ഭാഗം കൂടിയായാണ് സേവനങ്ങൾ ഓൺലൈനാക്കുന്നത്. പുതിയ സേവനങ്ങളിലൂടെ രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്കായി ഓൺലൈൻ മുഖേന അപേക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും 80,000 മുതൽ 90,000 വരെ ആളുകളാണ് മെഡിക്കൽ സർട്ടിഫിക്കറ്റിനായി എച്ച്എംസിയെ ആശ്രയിക്കുന്നത്. ഇതിൽ 60,000ത്തോളം അപേക്ഷകൾ ഹമദ് ജനറൽ ആശുപത്രിയാണ് കൈകാര്യം ചെയ്യുന്നത്.
സർട്ടിഫിക്കറ്റ് തയാറായി കഴിഞ്ഞാൽ അപേക്ഷകർക്ക് അവ ഖത്തർ പോസ്‌റ്റൽ സർവീസുകൾ വഴി തങ്ങളുടെ വീടുകളിൽ എത്തിക്കാനും സാധിക്കും. വളരെ ചെറിയ തുക മാത്രമേ ഇതിന് ചെലവാകുകയുള്ളു. നിലവിൽ ഈ സേവനം ഹമദ് ജനറൽ ആശുപത്രിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വൈകാതെ ബാക്കിയുള്ള ഹമദ് ആശുപത്രികളിലും ലഭ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്.
Read also: സന്ദര്‍ശക വിസക്കാർ നവംബര്‍ 30 ന് മുന്‍പ് രാജ്യം വിടണം; കുവൈറ്റ്







































