തിരുവനന്തപുരം: വൈദ്യപരിശോധനാ ഫലം പുറത്ത് വന്നതിന് പിന്നാലെ സിസ്‌റ്റർ അഭയ കൊലക്കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂരിനെയും സിസ്‌റ്റർ സെഫിയെയും ജയിലിലേക്ക് മാറ്റി. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ ഇരുവർക്കും കോവിഡ് നെഗറ്റീവാണ്.
അതേസമയം, കേസിൽ ശിക്ഷാ വിധി നാളെയാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. അധികം വൈകാതെ തന്നെ ഫാ.കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാരാണെന്ന വിധി കോടതി പ്രസ്‌താവിച്ചു. വിധി കേട്ട് കോട്ടൂർ യാതൊരു വികാരഭേദങ്ങളും ഇല്ലാതെ കോടതി മുറിയിൽ നിന്നപ്പോൾ സിസ്‌റ്റർ സെഫി പൊട്ടിക്കരഞ്ഞു. താൻ നിരപരാധിയാണെന്ന് ഫാ.കോട്ടൂർ മാദ്ധ്യമങ്ങളോട് ആവർത്തിച്ചു.
Also Read: ‘നീതി കിട്ടിയില്ലേ എനിക്ക് അതുമതി’; സിസ്‌റ്റര്‍ അഭയ കേസ് വിധിയില്‍ അടയ്‌ക്കാ രാജു
അഭയാ കേസ് വിധിയുടെ പശ്‌ചാത്തലത്തിൽ കോട്ടയത്തെ ക്‌നാനായ സഭാ ആസ്‌ഥാനത്ത് പോലീസ് സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. സഭാ നേതൃത്വം ഇതുവരെ കോടതി വിധിയോട് പ്രതികരിച്ചിട്ടില്ല. ഉച്ചക്ക് ശേഷം സഭയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നാണ് കരുതുന്നത്.







































