മീര ജാസ്‌മിൻ, ജയറാം എന്നിവർ ഒന്നിക്കുന്ന ‘മകൾ’ സിനിമയുടെ ആദ്യടീസര്‍ പുറത്തുവിട്ട് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഏപ്രിൽ അവസാനത്തോടെ ചിത്രമെത്തുമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സംവിധായകന്‍ അറിയിച്ചു.
അച്ചായത്തി ലുക്കില്‍ എത്തിയ മീര ജാസ്‌മിന്റെയും ദേവികയുടെയും കഥാപാത്രങ്ങള്‍ ടീസറില്‍ ശ്രദ്ധനേടുന്നു. നടന്‍ ശ്രീനിവാസന്‍- ജയറാം സംഭാഷണങ്ങളും നര്‍മം പടർത്തുന്നു. നീണ്ട ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിവരുന്ന മീര തന്നെയാണ് ടീസറിലെ പ്രധാന ആകർഷണം.
രണ്ട് വ്യത്യസ്‌ത വിശ്വാസത്തോടെ അച്ഛനും അമ്മക്കും ഒപ്പം ജീവിക്കുന്ന മകളുടെ കഥയാണ് സത്യൻ അന്തിക്കാട് തന്റെ പുതിയ ചിത്രമായ ‘മകളിലൂ’ടെ പറയുന്നത്. ചിത്രം എത്തുന്നതിൽ ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്‌മിനെയും വീണ്ടും മലയാളികൾക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണെന്നും സത്യൻ അന്തിക്കാട് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. ചിത്രത്തിൽ ലളിതച്ചേച്ചിക്ക്(കെപിഎസി ലളിത) പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
‘മകൾ’ ഒരുങ്ങിക്കഴിഞ്ഞു.
ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും.
ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്‌മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്‌ലിനും, ദേവിക സഞ്‌ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു.
ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം. ആശുപത്രിയിൽ ഗുരുതരാവസ്‌ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും.
“സത്യാ… ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം.”
ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല.
‘മകളു’ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെപിഎസി ലളിതക്ക് സമർപ്പിക്കുന്നു.
Most Read: ‘ഷി ദ പീപ്പിൾ’ വിമന്‍ റൈറ്റേഴ്‌സ് പുരസ്‌കാരം സാറാ ജോസഫിന്






































