കൊല്ലം: എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെന്റിനെതിരെയും കേസെടുത്ത് പോലീസ്. ശാസ്താംകോട്ട പോലീസാണ് കേസെടുത്തത്. സ്കൂൾ മാനേജർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പ്രതികളാകും.
കൂടാതെ, സൈക്കിൾ ഷെഡ് കെട്ടിയ സമയത്തെ മാനേജ്മെന്റും സ്കൂളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അസി. എൻജിനിയർക്കെതിരെയും കേസെടുക്കും. വിദ്യാർഥിയുടെ മരണത്തിൽ യഥാർഥ കാരണക്കാരായ സ്കൂൾ മാനേജ്മെന്റിനെതിരെയും കെഎസ്ഇബിയെയും ഒഴിവാക്കി പ്രധാനാധ്യാപികയ്ക്കെതിരെ മാത്രം നടപടി സ്വീകരിച്ചതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
നീതിയല്ലെന്നായിരുന്നു കഴിഞ്ഞദിവസം കെപിഎസ്ടിഎ പ്രതികരിച്ചത്. അധ്യാപകരെ അടച്ചാക്ഷേപിക്കുന്ന നയം വിദ്യാഭ്യാസ മന്ത്രി തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രധാനാധ്യാപികയായ എസ് സുജയെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സ്കൂളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രധാനാധ്യാപികയായ സുജയുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നാണ് മാനേജർ ആർ. തുളസീധരൻപിള്ള പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സ്കൂളിൽ നിന്നും ഷോക്കേറ്റ് മിഥുൻ മരിച്ചത്. ഇന്നലെ വിളന്തറയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ സുഹൃത്തിന്റെ ചെരുപ്പെടുക്കാൻ കയറിയപ്പോഴായിരുന്നു മിഥുന് ഷോക്കേറ്റത്. തറയിൽ നിന്ന് ലൈനിലേക്കും സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!