കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ളാസ് വിദ്യാർഥി മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും പത്തുമണിയോടെ മൃതദേഹം സ്‌കൂളിൽ എത്തിക്കും. 12 മണിവരെ സ്‌കൂളിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് മൃതദേഹം ശാസ്‌താംകോട്ട വിളന്തറയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
വിദേശത്തായിരുന്ന അമ്മ സുജ രാവിലെ കൊച്ചിയിലെത്തും. 8.50ന് ഇൻഡിഗോ വിമാനത്തിലാണ് സുജയെത്തുന്നത്. കൊല്ലത്തെ വീട്ടിലേക്ക് എത്താൻ സുജയ്‌ക്ക് പോലീസ് സഹായമൊരുക്കും. വൈകീട്ട് അഞ്ചുമണിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം. അതേസമയം, മിഥുന്റെ മരണത്തിൽ കെഎസ്ഇബിയുടെ നടപടി വൈകുമെന്നാണ് വിവരം.
സുരക്ഷാ കമ്മീഷണറുടെ റിപ്പോർട് ലഭിച്ചശേഷമാകും നടപടി. മരണത്തിനിടയാക്കിയ വൈദ്യുതി ലൈനുകൾ കെഎസ്ഇബി ഇന്ന് നീക്കം ചെയ്യും. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് വ്യാഴാഴ്‌ച മിഥുൻ മരിച്ചത്.
സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ തേവലക്കര ബോയ്‌സ് സ്‌കൂൾ പ്രധാനാധ്യാപികയായ എസ് സുജയെ സസ്‌പെൻഡ് ചെയ്‌തു. സ്‌കൂളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രധാനാധ്യാപികയായ സുജയുടെ ഭാഗത്ത് വീഴ്‌ചയുണ്ടായി എന്നാണ് മാനേജർ ആർ. തുളസീധരൻപിള്ള പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Most Read| ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനാര്? ഓഗസ്‌റ്റ് 15ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന