തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രാർ ഇൻ ചാർജ് സ്‌ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഇടതു അംഗങ്ങളുടെ ആവശ്യം സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. കാര്യവട്ടം ക്യാംപസ് ജോയിന്റ് രജിസ്‌ട്രാർ രശ്‌മിക്ക് പകരം ചുമതല നൽകും.
കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌ത വിസി ഡോ. മോഹനൻ കുന്നുമ്മൽ പകരം ചുമതല നൽകിയത് മിനി കാപ്പനായിരുന്നു.
ഇന്നത്തെ യോഗത്തിനായി മിനി കാപ്പൻ നോട്ടീസ് നൽകിയത് നിയമവിരുദ്ധമാണെന്ന് ഇടത് അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. മിനി കാപ്പൻ യോഗത്തിൽ പങ്കെടുക്കുന്നതിനെയും ഇടത് അംഗങ്ങൾ എതിർത്തു. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് മിനി കാപ്പനെ മാറ്റിയതോടെ സർവകലാശാലയിലെ ഭരണപരമായ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്.
രജിസ്‌ട്രാറുടെ സസ്‌പെൻഷൻ സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ സിൻഡിക്കേറ്റ് ചർച്ച ചെയ്യില്ല. കഴിഞ്ഞ ജൂലൈ ആറിനാണ് സിൻഡിക്കേറ്റ് യോഗം ചേർന്നത്. അന്ന് വിസിയുടെ ചുമതലയുണ്ടായിരുന്ന ഡോ. സിസ തോമസ് വിളിച്ചുചേർത്ത യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. തുടർന്ന് മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് രജിസ്‌ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കുകയും ചെയ്‌തിരുന്നു.
Most Read| ആധാറിനെ പൗരത്വം തെളിയിക്കുന്ന രേഖയായി കണക്കാക്കാനാകില്ല; സുപ്രീം കോടതി