‘കുടുംബത്തിനൊപ്പം എന്നും സർക്കാരുണ്ടാകും’; ബിന്ദുവിന്റെ വീട് സന്ദർശിച്ച് വീണാ ജോർജ് 

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് ബിന്ദു മരിച്ചത്. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിന് ശേഷമാണ് അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്ന് ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

By Senior Reporter, Malabar News
Veena George

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധം നിലനിൽക്കെയാണ് വീണാ ജോർജ് ബിന്ദുവിന്റെ വീട്ടിലെത്തിയത്. ഇന്ന് രാവിലെ 7.30ഓടെ സിപിഐഎം നേതാവ് കെ അനിൽ കുമാർ അടക്കമുള്ള നേതാക്കൾക്കൊപ്പമാണ് മന്ത്രി എത്തിയത്.

പിന്നാലെ വൈകാരിക രംഗങ്ങൾക്കായിരുന്നു വീട് സാക്ഷ്യം വഹിച്ചത്. മന്ത്രിയെ കെട്ടിപിടിച്ച് ബിന്ദുവിന്റെ അമ്മ സീതാലക്ഷ്‍മി അലമുറയിട്ട് കരഞ്ഞു. ഇതോടെ മന്ത്രിയും വിതുമ്പി. സീതാലക്ഷ്‌മിയാണ് മന്ത്രിയോട് കാര്യങ്ങൾ സംസാരിച്ചത്. ബിന്ദുവിന്റെ അസാന്നിധ്യം കുടുംബത്തിനുണ്ടാക്കിയ ആഘാതം അമ്മ മന്ത്രിയോട് പറഞ്ഞു. പിന്നാലെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനും മന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു.

കുടുംബത്തിന്റെ അത്താണിയെയാണ് നഷ്‌ടപ്പെട്ടതെന്ന് വിശ്രുതൻ പറഞ്ഞു. മകന് അവൻ പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ട് സ്‌ഥിരം ജോലി നൽകണമെന്നും വിശ്രുതൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തിൽ നടപടിയെടുക്കണം. മുഖ്യമന്ത്രി തങ്ങളോട് അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെന്നും വിശ്രുതൻ പറഞ്ഞു.

അതേസമയം, വീട് നവീകരിക്കാനുള്ള എല്ലാ സഹായവും നൽകുമെന്ന് കെ അനിൽ കുമാർ അറിയിച്ചു. ബിന്ദുവിന്റെ വിയോഗം ഹൃദയഭേദകമെന്ന് കുടുംബത്തെ സന്ദർശിച്ച ശേഷം മന്ത്രി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖമാണ്. സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം പൂർണമായും ഉണ്ടാകും. മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഉചിതമായ തീരുമാനം ഉണ്ടാകും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് ബിന്ദു മരിച്ചത്. മകളുടെ ചികിൽസയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച ആയിരുന്നു ബിന്ദുവും ഭർത്താവ് വിശ്രുതനും ആശുപത്രിയിലെത്തിയത്. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിന് ശേഷമാണ് അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്ന് ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ പോയതായിരുന്നു ബിന്ദു.

Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE