വൈക്കം: വൈക്കത്ത് നിന്ന് കാണാതായ മൽസ്യ ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തോട്ടകത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ (54) മൃതദേഹമാണ് സമീപത്തെ വനത്തിൽ നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്‌ച പുലർച്ചെ മുതൽ വിപിനെ കാണാനില്ലായിരുന്നു.
കഴുത്തിലും കാലിലും ഇഷ്‌ടിക കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് തിരച്ചിലിനിടെ ശക്‌തമായ ദുർഗന്ധം വന്നതോടെ സമീപത്തെ വനത്തിൽ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഫാമിൽ നിന്നും ഏകദേശം 100 മീറ്റർ അകലെയാണിത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് വിപിന്റെ ഭാര്യ അനില ആരോപിച്ചു.
തിങ്കളാഴ്‌ച പുലർച്ചെയാണ് വിപിൻ ഫാമിലേക്ക് പോയതെന്ന് അനില പറയുന്നു. പിന്നീട് തിരിച്ചുവന്നില്ല. കാലിൽ നീര് ഉള്ളതിനാൽ നടന്നുപോകാൻ സാധിക്കില്ല. എന്നാൽ, കാറും കൊണ്ടുപോയിട്ടില്ല. വീടിന്റെ അടുക്കളയുടെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. നായ ശല്യം ഉള്ളതിനാൽ ഒരുകാരണവശാലും വാതിൽ തുറന്നിടാറില്ല. ഇതെല്ലാം ദുരൂഹത വർധിപ്പിക്കുന്നതായി അനില പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!





































