കൊല്ലം: വിളന്തറയിലെ വീട്ടിലെത്തിച്ച മിഥുന്റെ സംസ്‌കാര ചടങ്ങുകകൾ പൂർത്തിയായി. മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമങ്ങൾ ചെയ്‌തത്. വീട്ടുവളപ്പിൽ തന്നെയാണ് സംസ്‌കാരം. അമ്മ സുജ മകനെ ചേർത്തുപിടിച്ച് അന്ത്യചുംബനം നൽകിയത് കണ്ടുനിന്നവർക്കെല്ലാം നൊമ്പരക്കാഴ്‌ചയായി.
കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്‌ഞലി ഏറ്റുവാങ്ങിയാണ് മിഥുന്റെ മൃതദേഹം തേവലക്കര സ്‌കൂളിൽ നിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചത്. പ്രിയപ്പെട്ട മകനെ അവസാനമായി ഒരുനോക്ക് കാണാൻ കടൽകടന്ന് എത്തിയ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ നാടിനെയും തീരാദുഃഖത്തിലാക്കി.
സുജിനെ ചേർത്ത് പിടിച്ച് മിഥുന്റെ മൃതദേഹത്തിനരികെ ഇരുന്ന സുജയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും നിന്നു. അവരും ഒപ്പം കരഞ്ഞു. മിഥുനെ കണ്ട് അലമുറയിട്ട് കരഞ്ഞ പിതാവ് മനുവും തീരാനൊമ്പരമായി. മിഥുനെ കാണാൻ നാടൊന്നാകെ വിളന്തറയിലെ വീട്ടിലെത്തിയിരുന്നു.
ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 11 മണിയോടെയാണ് വിലാപയാത്രയായി മിഥുന്റെ മൃതദേഹം തേവലക്കര സ്‌കൂളിൽ എത്തിച്ചത്. ഉച്ചയ്‌ക്ക് ഒരുമണിവരെ പൊതുദർശനം തുടർന്നു. പിന്നീടാണ് വീട്ടിലേക്ക് കൊണ്ടുപോയത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് വ്യാഴാഴ്‌ച മിഥുൻ മരിച്ചത്.
Most Read| ഇന്ത്യ-പാക്ക് സംഘർഷത്തിൽ 5 ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടു; ട്രംപ്