കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എംഎം മണി ഉൾപ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി. എംഎം മണി അടക്കം മൂന്ന് പ്രതികളെയും കുറ്റവിമുക്തരാക്കുന്ന വിടുതൽ ഹരജി കോടതി അനുവദിക്കുകയായിരുന്നു.
കെകെ ജയചന്ദ്രന്, കെജി മദനന്, കുട്ടന് എന്നിവരാണ് മറ്റ് പ്രതികൾ. ജയചന്ദ്രനെ പ്രതിയാക്കിയ നടപടി ഹൈക്കോടതി മുന്‍പ് റദ്ദാക്കിയിരുന്നു. 1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ളോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡണ്ടുമായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്. 2012 മേയ് 25നു എംഎം മണി മണക്കാട്ട് നടത്തിയ വണ്‍, ടൂ, ത്രീ പ്രസംഗം നാലു പേരെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതമായി പരിഗണിച്ചായിരുന്നു കേസ്.
കേസില്‍ മന്ത്രി എംഎം മണിയും ജയചന്ദ്രനുമടക്കമുള്ളവര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന് വാദം. നേരത്തേ കേസിലെ ഒൻപതു പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ 2012 മേയ് 25ന്, അന്നു സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണി തൊടുപുഴക്ക് സമീപം മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണു ബേബി വധക്കേസ് പുനരന്വേഷണത്തിനു വഴിതുറന്നത്.
രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നായിരുന്നു മണിയുടെ പ്രസംഗത്തിലെ പരാമര്‍ശം. ബേബി അഞ്ചേരി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന് എന്നിവരുടെ വധത്തെ കുറിച്ചാണ് മണി പറഞ്ഞത്. ഇവരുടെ വധം സംബന്ധിച്ച കേസുകള്‍ അതതു കാലത്ത് പോലീസ് അന്വേഷിച്ചിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളായിരുന്ന സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും വിട്ടയച്ചിരുന്നു. മണക്കാട് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ തൊടുപുഴ പൊലീസ് മണിയെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു.
Most Read: അഞ്ചു വയസുകാരിക്ക് പീഡനം; പ്രതിയെ തല്ലിക്കൊന്ന് ഒരുകൂട്ടം സ്ത്രീകൾ








































