ന്യൂഡെൽഹി: ഇന്ത്യക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി നിലനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിൽ ഫോണിൽ സംസാരിച്ചു. ചർച്ചയ്‌ക്കിടെ പുട്ടിനെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. നേരത്തെ പുട്ടിൻ ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം ക്രൈംലിനിൽ എത്തിയ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് മോദി-പുട്ടിൻ ഫോൺ സംഭാഷണം നടന്നിരിക്കുന്നത്. അതേസമയം, യുക്രൈനുമായുള്ള യുദ്ധത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്‌തതായാണ് വിവരം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയെ കുറിച്ചും നേതാക്കൾ പരസ്‌പരം സംസാരിച്ചു. യുക്രൈനുമായി ബന്ധപ്പെട്ട് യുഎഇയിൽ നടക്കാനിരിക്കുന്ന ചർച്ചകളെ കുറിച്ച് പുട്ടിൻ മോദിയോട് സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം അവസാനിപ്പിക്കാനും സമാധാനപരമായ ഒരു പരിഹാരത്തിനായി ഇന്ത്യ വാദിക്കുന്നതായും ഫോൺ സംഭാഷണത്തിനിടെ മോദി അറിയിച്ചു.
ഇന്ത്യ-റഷ്യ 23ആംമത് വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കാനാണ് പുട്ടിൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്. സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം, പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്‌തമാക്കുമെന്നാണ് സൂചന.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി