ന്യൂഡെൽഹി: മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ ഇടപെടൽ. കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ സ്‌ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി ചർച്ച ചെയ്‌തു. ഡെൽഹി ബിജെപി ആസ്‌ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്‌ച.
ഒരുവർഷം മുമ്പുണ്ടായ മണിപ്പൂരിലെ വംശീയ കലാപത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ വിഷയത്തിൽ നേരിട്ട് കൂടിക്കാഴ്‌ച നടത്തിയത്. 20 മിനിറ്റോളം നീണ്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ചർച്ചയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും പങ്കെടുത്തു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് മോദി യോഗത്തിൽ നിർദ്ദേശിച്ചു.
അനുസിയ ഉയ്‌കെയെ മണിപ്പൂർ ഗവർണർ സ്‌ഥാനത്ത് നിന്ന് നീക്കുകയും അസം ഗവർണർ ലക്ഷ്‌മൺ പ്രസാദ് ആചാര്യയ്‌ക്ക് മണിപ്പൂരിന്റെ അധിക ചുമതല നൽകുകയും ചെയ്‌തതിന് പിന്നാലെയാണ് മോദി- ബിരേൻ സിങ് കൂടിക്കാഴ്‌ച. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ വലിയ രീതിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയിരുന്നു.
ലോക്‌സഭ അടക്കം പ്രക്ഷുബ്‌ധമാക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സംസ്‌ഥാന ഭരണം ഉണ്ടായിട്ട് പോലും തിരഞ്ഞെടുപ്പിൽ മണിപ്പൂരിലെ രണ്ടു സീറ്റിലും ബിജെപി പരാജയപ്പെട്ടിരുന്നു. സംസ്‌ഥാനത്തെ കോൺഗ്രസിന്റെ വിജയം ബിജെപി ക്യാമ്പിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം മെയ്‌തെയ് വിഭാഗവും കുക്കികളും തമ്മിലുണ്ടായ കലാപത്തിൽ 220-ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 50,000 പേർക്ക് കലാപത്തെ തുടർന്ന് പലായനം ചെയ്യേണ്ടതായും വന്നെന്നാണ് റിപ്പോർട്ടുകൾ.
Most Read| സംസ്‌ഥാനത്ത് കനത്ത മഴ തുടരും; വടക്കൻ കേരളത്തിൽ മുന്നറിയിപ്പ്