ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ഈ മാസം 12, 13 തീയതികളിൽ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയാണ് മോദിയുടെ ദ്വിദിന സന്ദർശനത്തിന്റെ തീയതി പുറത്തുവിട്ടത്. ഡൊണാൾഡ് ട്രംപ് രണ്ടാംതവണയും യുഎസ് പ്രസിഡണ്ടായ ശേഷം മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്.
ഫെബ്രുവരി പത്ത് മുതൽ 12 വരെ മോദി ഫ്രാൻസിൽ സന്ദർശനം നടത്തുന്നുണ്ട്. ഇതിന് ശേഷമാണ് യുഎസിലേക്ക് തിരിക്കുക. ഫ്രാൻസിലെത്തുന്ന മോദി പാരീസിൽ നിർമിതബുദ്ധി ഉച്ചകോടിയിൽ പങ്കെടുക്കും. നിലവിലെ ആഗോള രാഷ്‌ട്രീയ സാഹചര്യത്തിൽ മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഇറക്കുമതി തീരുവ സംബന്ധിച്ച് ട്രംപിന്റെ ഭീഷണി നിലനിൽക്കെയാണ് മോദിയുടെ സന്ദർശനം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചത് സംബന്ധിച്ച വിവാദങ്ങളുടെ കൂടി പശ്‌ചാത്തലത്തിലാണ് മോദി ട്രംപിനെ കാണാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്. ഫെബ്രുവരിയിൽ കൂടിക്കാഴ്‌ചയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസിൽ എത്തുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ട്രംപ് ആദ്യം പ്രസിഡണ്ടായിരുന്ന കാലയളവിൽ ഇന്ത്യയിലേക്കാണ് അവസാനത്തെ വിദേശ സന്ദർശനം നടത്തിയത്. 2019 സെപ്‌തംബറിൽ ഹൂസ്‌റ്റണിൽ നടന്ന ‘ഹൗഡി മോദി’യിലും 2020 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ നടന്ന ‘നമസ്‍തേ ട്രംപ്’ റാലിയിലുമായി പതിനായിരക്കണക്കിന് ആളുകളെയാണ് ഇരു നേതാക്കളും അഭിസംബോധന ചെയ്‌തത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി