മാമി തിരോധനക്കേസ്; അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്- മകളുടെ മൊഴിയെടുത്തു

മാമിയുടെ മറ്റു ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. നേരത്തെ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിൽ നിന്നും ക്രൈം ബ്രാഞ്ച് അടുത്തദിവസം വിവരങ്ങൾ ശേഖരിക്കുമെന്നാണ് വിവരം

By Trainee Reporter, Malabar News
Mohammad Attoor missing case
Ajwa Travels

കോഴിക്കോട്: മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം വെള്ളിമാടുകുന്നിലെ മാമിയുടെ വീട്ടിലെത്തി മകൾ അദീബ നൈനയുടെ മൊഴി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

മാമിയുടെ മറ്റു ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. നേരത്തെ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിൽ നിന്നും ക്രൈം ബ്രാഞ്ച് അടുത്തദിവസം വിവരങ്ങൾ ശേഖരിക്കുമെന്നാണ് വിവരം. കേസന്വേഷണ സംഘത്തലവനായ മലപ്പുറം എസ്‌പി എസ് ശശിധരൻ, കേസ് സിബിഐക്ക് കൈമാറണമെന്ന് കഴിഞ്ഞ ദിവസം ഡിജിപിക്ക് ശുപാർശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

പ്രത്യേക അന്വേഷണ സംഘം ഒരുവർഷം അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താൻ സാധിക്കാത്ത കേസാണ് ഒടുവിൽ ക്രൈം ബ്രാഞ്ചിന് വിട്ടത്. 2023 ഓഗസ്‌റ്റ് 21നാണ് റിയൽ എസ്‌റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയെ കാണാതായത്. മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി വിവരമുണ്ടായിരുന്നു. പിന്നീട് എവിടേക്ക് പോയെന്ന് യാതൊരു വിവരവുമില്ല.

കേസിൽ ഉന്നത ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് ആദ്യം മുതൽക്കേ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. മാമിയുടെ തിരോധാനം സിബിഐ അല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാൽ, എഡിജിപി എംആർ അജിത് കുമാർ നിയോഗിച്ച സംഘത്തെയാണ് അന്വേഷണം ഏൽപ്പിച്ചത്. മാമി തിരോധനക്കേസിൽ അജിത് കുമാർ ഇടപെട്ടുവെന്ന് പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറണമെന്ന് എസ് ശശിധരൻ റിപ്പോർട് നൽകിയത്.

Most Read| ഇന്ത്യയിൽ എം പോക്‌സ് സ്‌ഥിരീകരിച്ചു; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE