മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ബിജെപി സ്‌ഥാനാർഥിയായി മോഹൻ ജോർജ് മൽസരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ മഞ്ചേരി കോടതിയിലെ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമാ സഭാ പ്രതിനിധിയും ചുങ്കത്തറ സ്വദേശിയുമായ മോഹൻ ജോർജ്, കേരള കോൺഗ്രസ് മുൻ നേതാവാണ്.
നിലവിൽ ബിജെപി അംഗമല്ലാത്ത മോഹൻ ജോർജ് താമസിയാതെ പാർട്ടി അംഗത്വം ഏറ്റെടുക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടി ചിഹ്‌നത്തിൽ തന്നെയാവും മോഹൻ ജോർജ് നിലമ്പൂരിൽ മൽസരത്തിന് ഇറങ്ങുക. കഴിഞ്ഞദിവസം ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മോഹൻ ജോർജ് പ്രതികരിച്ചു. നിലമ്പൂരിൽ ശക്‌തമായ മൽസരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ മൽസരിക്കാൻ ബിഡിജെഎസിൽ ബിജെപി സമ്മർദ്ദം ചെലുത്തിയിരുന്നു. ബിജെപി മൽസരിച്ചാൽ തദ്ദേശ തിരഞ്ഞെടുപ്പിന് പാർട്ടി തുടങ്ങിവെച്ച തയ്യാറെടുപ്പുകളെ ബാധിക്കുമെന്നും അതിനാൽ ബിഡിജെഎസ് തന്നെ ആ ദൗത്യം ഏറ്റെടുക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടത്. പിന്നീട് ചർച്ചകൾക്ക് ശേഷം സ്‌ഥാനാർഥിയെ നിർത്താൻ ബിജെപി തീരുമാനിക്കുകയായിരുന്നു.
നിലമ്പൂരിൽ കളം നിറഞ്ഞിരിക്കുകയാണ്. യുഡിഎഫ് സ്‌ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തും എൽഡിഎഫ് സ്‌ഥാനാർഥിയായി എം സ്വരാജുമാണ് മൽസരിക്കുന്നത്. തൃണമൂൽ കോൺഗ്രസിനായി പിവി അൻവറും മൽസരിക്കുന്നുണ്ട്. ഇതോടെ, നിലമ്പൂരിൽ മൽസരം ശക്‌തമാകുമെന്നാണ് വിലയിരുത്തൽ.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ