ഇവിടം ആത്‌മാവിന്റെ ഭാഗം, നിൽക്കുന്നത് വൈകാരിക ഭാരത്തോടെ; മോഹൻലാൽ

ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെ സംസ്‌ഥാന സർക്കാർ ആദരിച്ചു

By Senior Reporter, Malabar News
Mohanlal
Ajwa Travels

തിരുവനന്തപുരം: ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ്. ഇന്ത്യൻ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, അതിന്റെ സന്തോഷം പങ്കുവെക്കാനായി സ്വന്തം നാട്ടിലെത്തിയപ്പോൾ, കേരള സർക്കാർ നൽകുന്ന ഈ ആദരം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു.

”ഇത് ഞാൻ ജനിച്ചുവളർന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. എന്റെ അമ്മയും അച്‌ഛനും ജ്യേഷ്‌ഠനും ജീവിച്ച ഇടമാണ്. ജീവിതത്തിന്റെ സങ്കീർണതകൾ ഒന്നുമറിയാതെ അവർക്കൊപ്പം ഞാൻ കഴിഞ്ഞ നാടാണ്. ഇവിടത്തെ കാറ്റും മരങ്ങളും വഴികളും പഴയ പലകെട്ടിടങ്ങളും എന്റെ ഓർമകളുടെയും ആത്‌മാവിന്റെയും ഭാഗമാണ്.

എന്നെ ഈ കാണുന്ന ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവർ തിരഞ്ഞെടുത്ത സർക്കാരുമാണ് ഈ സ്വീകരണം എനിക്ക് നൽകുന്നത്. ഈ സ്‌നേഹത്തിന് മുന്നിൽ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാൻ കാലങ്ങളായി ഞാൻ ആർജിച്ച അഭിനയശേഷിക്ക് പോലും സാധിക്കുന്നില്ല” -സംസ്‌ഥാന സർക്കാരിന്റെ ആദരം ‘മലയാളം വാനോളം ലാൽസലാം’ പരിപാടിയിൽ ഏറ്റുവാങ്ങി മറുമൊഴി നൽകുകയായിരുന്നു മോഹൻലാൽ.

ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷം സിനിമ എന്ന കലാരൂപത്തിനുവേണ്ടി ഫാൽക്കെ സമർപ്പിച്ച ജീവിതമാണ് എന്റെ മനസിലൂടെ കടന്നുപോയത്. മുംബൈയിലെ ജെജെ സ്‌കൂൾ ഓഫ് ആർട്‌സിലെ ചിത്രകലാ വിദ്യാർഥിയായിരുന്ന അദ്ദേഹം, ‘രാജാ ഹരിശ്ചന്ദ്രൻ’ എന്ന സിനിമയിലേക്ക് നടന്നുപോയ ദൂരങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, അധ്വാനങ്ങൾ എന്നിവയെല്ലാം മനസിലാക്കിയപ്പോൾ, സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ഭൂമിയോളം ശിരസ്സ് നമിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നു.

താനടക്കമുള്ള എല്ലാ ഇന്ത്യൻ അഭിനേതാക്കളും 120 വർഷങ്ങൾക്ക് മുമ്പ് സിനിമയ്‌ക്കുവേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ഇന്ത്യൻ സിനിമ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നുവെങ്കിലും സിനിമാലോകത്തെ ഏറ്റവും തിളക്കമാർന്ന നക്ഷത്രം ദാദാസാഹിബ് ഫാൽക്കെ തന്നെയാണെന്ന് മോഹൻലാൽ പറഞ്ഞു.

ഏതൊരു കലാകാരനും ലഭിക്കുന്ന പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങളാണെങ്കിലും, അത് എത്തിച്ചേരുന്നത് അയാളെ സൃഷ്‌ടിക്കുന്നതിൽ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണ്. കാഴ്‌ചക്കാരുണ്ടായിരുന്നില്ലെങ്കിൽ ആ കലാകാരൻ ഇല്ലാതാകുമായിരുന്നു എന്ന ബോധ്യം എപ്പോഴുമുണ്ട്. ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരവും മലയാളിക്കും മലയാളത്തിനും കേരളത്തിനും സമർപ്പിക്കുന്നു.

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗംഭീരമായ ഈ സ്വീകരണം ഒരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, ജിആർ അനിൽ എന്നിവരോടും പരിപാടിയിൽ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി മോഹൻലാൽ പറഞ്ഞു.

Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE