യോദ്ധാവായി വേറിട്ട ലുക്കിൽ മോഹൻലാൽ; ‘വൃഷഭ’യുടെ റിലീസ് തീയതി പുറത്തുവിട്ടു

നവംബർ ആറിന് ചിത്രം ആഗോള റിലീസായി പ്രേക്ഷകരിലേക്ക് എത്തും. മോഹൻലാലിന്റെ ഗംഭീര ആക്ഷൻ രംഗങ്ങൾകൊണ്ടും ബ്രഹ്‌മാണ്ഡ കാൻവാസിലുള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾകൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്‌ച വാഗ്‌ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് വൃഷഭ.

By Senior Reporter, Malabar News
Vrusshabha Malayalam Movie
Ajwa Travels

മോഹൻലാൽ നായകനാകുന്ന ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പുറത്തുവിട്ടു. പ്രശസ്‌ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, നവംബർ ആറിന് ആഗോള റിലീസായി പ്രേക്ഷകരിലേക്ക് എത്തും.

പഴയകാല യോദ്ധാവിന്റെ ലുക്കിലും പുതിയകാലത്തെ എക്‌സിക്യൂട്ടീവ് ലുക്കിലും ഇരട്ട ഗെറ്റപ്പിൽ മോഹൻലാലിനെ അവതരിപ്പിക്കുന്ന ഒരു പോസ്‌റ്റർ പുറത്തുവിട്ടുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തു വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു.

മോഹൻലാലിന്റെ ഗംഭീര ആക്ഷൻ രംഗങ്ങളും ബ്രഹ്‌മാണ്ഡ കാൻവാസിലുള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും ആയിരുന്നു ടീസറിന്റെ ഹൈലൈറ്റ്. ആക്ഷൻ, വൈകാരികത, പ്രതികാരം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്.

ഒരു അച്ഛൻ-മകൻ ബന്ധത്തിന്റെ പശ്‌ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്‌തമായ കഥയാണ് ചിത്രം പറയുന്നതെന്നും ടീസർ കാണിച്ചുതന്നിരുന്നു. കണക്റ്റ്‌ മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്‌റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

ശോഭ കപൂർ, ഏക്‌താ ആർ കപൂർ, സികെ പത്‌മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിങ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമിച്ച ചിത്രം, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്.

Vrusshabha Movie
ചിത്രത്തിലെ ഒരു രംഗം

വമ്പൻ ക്യാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സാങ്കേതിക മികവുകൊണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. പീറ്റർ ഹെയ്‌ൻ, സ്‌റ്റണ്ട് സിൽവ, നിഖിൽ എന്നിവർ ഒരുക്കിയ മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ആന്റണി സാംസൺ ഒരുക്കിയ ഗംഭീര ദൃശ്യങ്ങൾ കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്‌ച വാഗ്‌ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് വൃഷഭ.

എസ്ആർകെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്‌തമായ സംഭാഷണങ്ങൾ രചിച്ചത്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, ഇംഗ്ളീഷ് ഭാഷകളിലാണ് നവംബർ ആറിന് ചിത്രം റിലീസിനെത്തുക. ഛായാഗ്രഹണം- ആന്റണി സാംസൺ, എഡിറ്റിങ്- കെഎം പ്രകാശ്, സംഗീതം- സാം സിഎസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ- പീറ്റർ ഹെയ്‌ൻ, സ്‌റ്റാണ്ട് സിൽവ, നിഖിൽ, പിആർഒ- ശബരി.

Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE