തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ചൊവ്വ, ശനി എന്നീ ദിവസങ്ങളിൽ മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവ തുറക്കാൻ അനുമതി ഉണ്ടാകുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഗ്യാസ് സ്‌റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകൾ, കണ്ണട വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ എന്നിവക്കും ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം.
അതേസമയം നിലവിൽ കോവിഡ് തീവ്രവ്യാപനം നിലനിൽക്കുന്ന മലപ്പുറം ജില്ലയിൽ ഈ ഇളവ് ബാധകമായിരിക്കില്ല. മറ്റ് 13 ജില്ലകളിലും ഇളവ് അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. അതേസമയം സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി തുടങ്ങി. സംസ്‌ഥാനത്ത് ഇന്ന് 22,318 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
രോഗവ്യാപനം തീവ്രമായി നിലനിൽക്കുന്ന മലപ്പുറം ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്. 3,938 ആളുകൾക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. നിലവിൽ സംസ്‌ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്നതും മലപ്പുറം ജില്ലയിൽ മാത്രമാണ്. കർശന നിയന്ത്രണങ്ങൾ കഴിഞ്ഞ കുറെ ആഴ്‌ചകളായി നടപ്പാക്കിയിട്ടും ജില്ലയിലെ രോഗവ്യാപനം ഉയർന്നു തന്നെ നിലനിൽക്കുകയാണ്.
Read also : കോവിഡ് സഹായം; ഇന്ത്യക്ക് 12 ടൺ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ച് നൽകി കെനിയ