പാലക്കാട്: അതീവ പരിസ്‌ഥിതി ലോല പ്രദേശമായ വാളയാർ പണ്ടാരത്തുമലയിൽ നിന്ന് ഖനനം തുടങ്ങാൻ നീക്കം. മലബാർ സിമന്റ്‌സാണ് മലയിൽ ഖനനം തുടങ്ങാൻ നീക്കം നടത്തുന്നത്. മുമ്പും പൊതുമേഖലാ സ്‌ഥാപനമായ മലബാർ സിമന്റ്‌സ് ഇവിടെ ഖനനം നടത്തിയിട്ടുണ്ട്. എന്നാൽ, ഖനനം വഴി പ്രദേശത്തെ ഒരു പുഴ തന്നെ ഇല്ലാതായ കാഴ്‌ചയാണ് ഉണ്ടായത്. വർഷങ്ങളോളം ഖനനം നടത്തിയതിന്റെ ഫലമായി കൂറ്റൻ മല തന്നെ ഇല്ലാതായിരിക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി.
ഇനിയും ഖനനം തുടർന്നാൽ മല പൂർണമായും ഇല്ലാതാകുമെന്നും പ്രദേശവാസികൾ പറഞ്ഞു. പണ്ടാരത്തുമലയിൽ നിന്ന് ഖനനം നടത്താൻ മലബാർ സിമന്റ്‌സ് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. അതേസമയം, കസ്‌തൂരി രംഗൻ കമ്മിറ്റിയുടെ പഠനത്തിൽ ജൈവ വൈവിധ്യങ്ങളുടെ കലവറയായി കണ്ടെത്തിയ സ്‌ഥലത്ത് ഖനനം നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പുതുശ്ശേരി പഞ്ചായത്തും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.
അതീവ പാരിസ്‌ഥിതിക പ്രാധാന്യം ഉള്ള പണ്ടാരത്തുമല തകർന്നാൽ വലിയ പാരിസ്‌ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ, പാലക്കാടൻ ചുരത്തിന്റെ ഭാഗമായ മല ഇല്ലാതായാൽ കാലാവസ്‌ഥാ വ്യതിയാനം വരെ സംഭവിക്കാമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഇത് മുന്നിൽക്കണ്ടാണ് പുതുശ്ശേരി പഞ്ചായത്ത് ഖനനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് പരിസ്‌ഥിതി മന്ത്രലയത്തിന് കത്ത് അയച്ചിരിക്കുന്നത്.
Read Also: കനോലി കനാൽ ആഴംകൂട്ടൽ; പ്രവൃത്തി അടുത്ത മാസം പുനഃരാരംഭിക്കും





































