തന്റെ ജീവിതം ബിഗ്‌സ്‌ക്രീനില്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. നവാഗതനായ ദോരസൈ തേജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ രചന താന്‍ തന്നെയാണ് നിര്‍വഹിക്കുന്നതെന്നും രാം ഗോപാല്‍ വ്യക്തമാക്കി. ചിത്രങ്ങള്‍ സമൂഹത്തില്‍ വളരെയധികം വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 3 ഭാഗങ്ങളിലും അദ്ദേഹത്തിന്റെ ഓരോ കാലഘട്ടത്തെയാണ് അവതരിപ്പിക്കുന്നത്. ആദ്യ ചിത്രത്തിന് ‘രാമു’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇതില്‍ 20 വയസ്സ് വരെയുള്ള ജീവിതമായിരിക്കും പറയുക. തന്റെ കോളേജ് കാലഘട്ടവും പ്രണയവും അടിപിടികളുമൊക്കെ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം തന്റെ ആദ്യ ചിത്രമായ ശിവയും ചിത്രത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ തന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ പുതുമുഖതാരമാണ് എത്തുന്നത്. എന്നാല്‍ അവസാന ഭാഗത്തില്‍ തന്റെ കഥാപാത്രത്തെ താന്‍ തന്നെയാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ഭാഗത്തിന് ‘രാം ഗോപാല്‍ വര്‍മ്മ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അതില്‍ തന്റെ മുംബൈ ജീവിതം ആയിരിക്കും പറയുന്നത്. ‘ആര്‍ജിവി ദി ഇന്റലിജന്റ് ഇഡിയറ്റ്’ എന്നു പേര് നല്‍കിയിരിക്കുന്ന മൂന്നാം ഭാഗത്തില്‍ തന്റെ പരാജയങ്ങളെ കുറിച്ചും ദൈവം, രതി, സമൂഹം എന്നിവയെക്കുറിച്ചുള്ള തന്റെ ചിന്തകളെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന് രാം ഗോപാല്‍ വ്യക്തമാക്കി.