കോഴിക്കോട്: പത്താം ക്ളാസിലെ കെമിസ്‌ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ എംഎസ് സൊല്യൂഷൻസിൽ വ്യാപക പരിശോധനയുമായി ക്രൈം ബ്രാഞ്ച്. സ്‌ഥാപനത്തിന്റെ ലാപ്ടോപ്, ഹാർഡ് ഡിസ്‌ക് ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈൽ ഫോണും ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ ക്രൈം ബ്രാഞ്ച് സ്‌ഥാപനത്തിനെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് അഞ്ചുമണിക്കാണ് അവസാനിച്ചത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഇ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞു പരിശോധന നടത്തിയത്.
എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് സ്‌ഥാപനത്തിനെതിരെ ക്രൈം ബ്രാഞ്ച് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. എംഎസ് സൊല്യൂഷൻസിനെതിരായ തെളിവുകൾ അധ്യാപകർ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
മുൻ പരീക്ഷകളിലെ ചോദ്യക്കടലാസുകളും ചോർന്നെന്ന് വ്യക്‌തമാക്കുന്ന തെളിവുകൾ വിവിധ വിഷയങ്ങളുടെ അധ്യാപകർ തന്നെയാണ് നൽകിയത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അന്വേഷണ സംഘം കേസ് രജിസ്‌റ്റർ ചെയ്‌തത്.
മറ്റു സ്വകാര്യ ട്യൂഷൻ സെന്ററുകളെയും അന്വേഷണ സംഘം നിരീക്ഷിക്കുന്നതായാണ് വിവരം. അതിനിടെ, സംഭവത്തിൽ വിശദീകരണവുമായി എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് രംഗത്തെത്തി. ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നും മറ്റാരെങ്കിലും ചോർത്തിയതായി കരുതുന്നില്ലെന്നും ഷുഹൈബ് പറഞ്ഞു.
ചോദ്യങ്ങൾ പ്രവചിക്കുകയാണ് ചെയ്യുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനായാസമായി ഉറപ്പായും വരുന്ന കുറേ അധികം ചോദ്യങ്ങൾ നൽകാൻ സാധിക്കും. എല്ലാ വർഷവും സ്‌ഥിരമായി ചില ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്ത വരുന്നത് എംഎസ് സൊല്യൂഷൻസിനെതിരെ മാത്രമാണ്. എന്നാൽ, മറ്റ് സ്‌ഥാപനങ്ങളുടെ പേര് വരുന്നില്ല. വലിയ സാമ്പത്തിക, രാഷ്‌ട്രീയ സ്വാധീനമുള്ളവരാണ് ഇത്തരം സ്‌ഥാപനങ്ങളുടെയെല്ലാം പിന്നിൽ. എംഎസ് സൊല്യൂഷൻസ് പറയുന്ന ചോദ്യങ്ങൾ കൃത്യമായി വന്നതുകൊണ്ടാണ് മറ്റു സ്‌ഥാപനങ്ങൾ തന്നെ ലക്ഷ്യംവെക്കാൻ തുടങ്ങിയതെന്നും ഷുഹൈബ് പറഞ്ഞു.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല








































