തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി തീരദേശ പോലീസ് കേസെടുത്തു. കപ്പൽ കമ്പനിയായ എംഎസ്‌സി ഒന്നാംപ്രതിയും ഷിപ് മാസ്‌റ്റർ രണ്ടാംപ്രതിയും കപ്പലിലെ മറ്റു ജീവനക്കാർ മൂന്നാം പ്രതിയുമായാണ് കേസെടുത്തത്.
ചരക്കുകപ്പലിലുള്ള കണ്ടെയ്‌നറുകളിൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്‌ഫോടക വസ്‌തുക്കളും ഉണ്ടെന്നിരിക്കെ മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കുന്നവിധം അപകടകരമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്‌തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
കണ്ടെയ്‌നറുകളിൽ നിന്ന് വിനാശകാരികളായ പ്‌ളാസ്‌റ്റിക് അവശിഷ്‌ടങ്ങളും മറ്റു പുറംതള്ളപ്പെട്ടത് മൂലം പരിസ്‌ഥിതി പ്രശ്‌നങ്ങൾക്ക് ഇടയാക്കുകയും പരമ്പരാഗത മൽസ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ച് മൽസ്യത്തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടം ഉണ്ടാകാനും കാരണമായെന്ന് എഫ്‌ഐആറിൽ പറയുന്നു. അശ്രദ്ധയോടെ, അലക്ഷ്യമായ രീതിയിൽ കപ്പൽ ഓടിച്ച് അപകടമുണ്ടാക്കി എന്നതുൾപ്പടെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
കപ്പൽ അപകടത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന സംസ്‌ഥാന സർക്കാറിന്റെ തീരുമാനം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കേസിന് പകരം നഷ്‌ടപരിഹാരത്തിന് ഊന്നൽ നൽകണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പായിരുന്നു പുറത്തുവന്നത്. ഇതിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർന്നിരുന്നു.
കഴിഞ്ഞദിവസം വാൻ ഹായ് കപ്പൽ കൂടി ഉൾക്കടലിൽ മുങ്ങിയതോടെയാണ് കേസെടുക്കാൻ സർക്കാരിന് മേൽ സമ്മർദ്ദമേറിയതെന്നാണ് സൂചനകൾ. ആലപ്പുഴ തോട്ടപ്പിള്ളി സ്‌പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ ദൂരത്താണ് മേയ് 25ന് എൽസ 3 ലൈബീരിയൻ കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!