തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. 9531 കോടി രൂപയാണ് കപ്പൽ കമ്പനിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടി ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന ചൊവ്വാഴ്ച രാവിലെ പുറപ്പെടാൻ പദ്ധതിയുള്ള എംഎസ്സി കമ്പനിയുടെ മറ്റൊരു കപ്പലായ അക്കിറ്റേറ്റ 2 കപ്പൽ അടിയന്തിരമായി അറസ്റ്റ് ചെയ്യാനും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതിന് ശേഷം മാത്രം കപ്പൽ വിട്ടയച്ചാൽ മതിയെന്നുമാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് എംഎ അബ്ദുൾ ഹക്കീമിന്റേതാണ് ഉത്തരവ്.
കപ്പലപകടത്തെ തുടർന്ന് മൽസ്യ-ജല സമ്പത്തിന് വ്യാപക നാശനഷ്ടം ഉണ്ടാവുകയും ഈ സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികൾക്ക് സഹായം നൽകുന്നതിനുമായി കപ്പൽ കമ്പനി 9000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹരജി സമർപ്പിച്ചത്.
നേരത്തെ, കാഷ്യൂ എക്സ്പോർട് പ്രമോഷൻ കൗൺസിൽ നൽകിയ ഹരജിയിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്സിയുടെ മാൻസ എഫ് കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. മുങ്ങിയ കപ്പലായ എൽസയിൽ തങ്ങളുടെ കശുവണ്ടി ഉണ്ടായിരുന്നുവെന്നും തങ്ങൾക്ക് ആറുകോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നും വ്യക്തമാക്കിക്കൊണ്ട് കാഷ്യൂ പ്രമോഷൻ കൗൺസിൽ നൽകിയ ഹരജിയിലായിരുന്നു കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
ആറുകോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കോടതിയിൽ ഹാജരാക്കിയാൽ കപ്പൽ വിട്ടുനൽകാമെന്ന കോടതി നിർദ്ദേശത്തെ തുടർന്ന് കമ്പനി നഷ്ടപരിഹാരം നൽകാൻ തയ്യാറാവുകയായിരുന്നു. കപ്പൽ അപകടത്തിന് പിന്നാലെ കമ്പനിക്കെതിരെ പഴുതടച്ച് നിയമനടപടി വേണമെന്ന ആവശ്യമാണ് ഹൈക്കോടതി ഭാഗത്ത് നിന്നും ആദ്യം മുതൽക്ക് ഉണ്ടായിരുന്നത്.
കപ്പൽ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതിൽ ഉപേക്ഷ പാടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കപ്പൽ അപകടവുമായി ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണത്തിനും മറ്റും പൊതുഖജനാവിൽ നിന്ന് പണം ചിലവാക്കുന്നതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. കപ്പൽ അപകടവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്കൊപ്പം ദേശീയ അന്വേഷണ ഏജൻസിക്ക് അന്വേഷണം നടത്താവുന്നതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാനും നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി







































