ധാക്ക: ബംഗ്ളാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ്. അടുത്തവർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രഖ്യാപനം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ രാജ്യത്തുണ്ടായ രാഷ്‌ട്രീയ അനിശ്‌ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പിനുള്ള വിശദമായ രൂപരേഖ ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കുമെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശക്‌തമായ ആവശ്യം ഉയർന്നിരുന്നു. ഈവർഷം ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടി (ബിഎൻപി) രംഗത്തെത്തിയിരുന്നു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണമെന്നതടക്കം ആവശ്യങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ തെരുവിൽ ഇറങ്ങിയതോടെ അടുത്തിടെ ബംഗ്ളാദേശിൽ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. സൈന്യവുമായി യൂനുസിന്റെ ബന്ധവും മോശമാകുന്നതായാണ് സൂചന. ഇടക്കാല സർക്കാർ മേധാവി സ്‌ഥാനത്ത് നിന്ന് യൂനുസ് രാജിവെയ്‌ക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത് പിന്നീട് സർക്കാർ വൃത്തങ്ങൾ നിഷേധിച്ചു.
വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് കഴിഞ്ഞവർഷം ഓഗസ്‌റ്റിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്. തുടർന്ന് ഇവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. ഇതിന് ശേഷമാണ് നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്‌ടാവായി ഇടക്കാല സർക്കാർ ചുമതലയേറ്റെടുത്തത്. ഷെയ്ഖ് ഹസീനയുടെ ശക്‌തനായ വിമർശകനായിരുന്നു യൂനുസ്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ