കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്‌ഥാന സമ്മേളനത്തിൽ സ്‌ഥലം എംഎൽഎയും നടനുമായ മുകേഷിന് വിലക്കെന്ന് സൂചന. മുകേഷ് ജില്ലയ്‌ക്ക് പുറത്താണെന്നാണ് വിവരം. സ്വന്തം മണ്ഡലത്തിൽ സിപിഎം സംസ്‌ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷിന്റെ അസാന്നിധ്യം ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം പാർട്ടി പരിപാടികളിൽ മുകേഷ് പങ്കെടുത്തിട്ടില്ല. സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിലാണ് അവസാനം മുകേഷ് പങ്കെടുത്തത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ മുകേഷിന് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് വിവരം.
അതിനിടെ, സംസ്‌ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ലെന്ന് പാർട്ടിയെ അറിയിച്ചതിനാലാണ് തന്നെ ക്ഷണിക്കാത്തതെന്നാണ് മുകേഷിന്റെ വിശദീകരണം. കൊല്ലം എംഎൽഎ എന്ന നിലയിൽ മുഖ്യ സംഘാടകരിൽ ഒരാളാവേണ്ട ആളായിരുന്നു മുകേഷ്. സംസ്‌ഥാന പ്രതിനിധിയല്ലെങ്കിലും സ്‌ഥലം എംഎൽഎ എന്ന നിലയിൽ ഉൽഘാടന സെഷനിൽ മുകേഷിന് പങ്കെടുക്കാമായിരുന്നു.
കൊല്ലം ടൗൺഹാൾ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ നടക്കുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാവിലെ മുതിർന്ന നാഗം എകെ ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പിബി കോ-ഓർഡിനേറ്ററായ പ്രകാശ് കാരാട്ട് സമ്മേളനം ഉൽഘാടനം ചെയ്‌തു. ഉച്ചയ്‌ക്ക് ശേഷം പ്രവർത്തന റിപ്പോർട് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സമ്മേളനത്തിൽ വെച്ചു.
Most Read| സംസ്‌ഥാനത്ത് ഉയർന്ന താപനിലയ്‌ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്







































